പിഒസി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

പിഒസി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

എല്ലാ മതവിഭാഗങ്ങളുടെയും സാഹോദര്യവും വിവിധ സംസ്കാരങ്ങളുടെ സമന്വയവും ലക്ഷ്യം വയ്ക്കുന്നതിലാണ് കേരള കത്തോലിക്കാസഭയുടെ തനിമയും നന്മയുമെന്നു രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ-മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള കത്തോലിക്കാസഭയുടെ ഈ ജാഗ്രത തുടര്‍ന്നും സമൂഹത്തിന് ആവശ്യമാണ്. കെസിബിസിയുടെ ആ സ്ഥാനകാര്യാലയവും കേരളത്തിലെ ലത്തീന്‍, മലബാര്‍, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററിന്‍റെ (പിഒസി) സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം അധ്യക്ഷത വഹിച്ചു. അമ്പതു വര്‍ഷക്കാലം പിഒസിയെ വളര്‍ത്തിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നതാണു ജൂബിലി ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. കേരള സഭയുടെ എല്ലാ ഘടകങ്ങളെയും ക്രിയാത്മകമായി സമന്വയിപ്പിച്ചതിന്‍റെ ചരിത്രമാണു പിഒസിയുടേതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ബഹുമാന്യമായതിനെ തച്ചുടയ്ക്കാനുള്ള പ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്നും സ്വത്വബോധം അപകര്‍ഷതയ്ക്കോ അഹങ്കാരത്തിനോ വഴി മാറരുതെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഓര്‍മിപ്പിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്മരണിക പ്രകാശനം നടത്തി. പിഒസി പ്രഥമ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ണത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, തിരുവനന്തപുരം പാളയം ഇ മാം വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജാനന്ദ, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, പ്രോഗ്രാം കണ്‍വീനര്‍ ഫാ. ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് എം. സൂസപാക്യത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുള്ള കത്തോലിക്കാ മെത്രാന്മാരും വൈദികരും സഹകാര്‍മികരായിരുന്നു.

'കേരളസഭ ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ നേരത്തെ നടന്ന സെമിനാറില്‍ ജേക്കബ് പുന്നൂസ്, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ പ്രബന്ധാവതരണം നടത്തി. ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി മോഡറേറ്ററായിരുന്നു. കേരളത്തിലെ 32 രൂപതകളില്‍നിന്നു പ്രതിനിധികളും കെസിബിസി ഭാരവാഹികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ രണ്ടു ദിവസത്തെ ജൂബിലി സമാപനാഘോഷങ്ങളില്‍ പങ്കെടുത്തു. ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. ജോസ് കരിവേലിക്കല്‍, ഫാ. സാജു സിഎസ്റ്റി, ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍, ഫാ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org