പിഒസി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

പിഒസി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

കേരളസഭയുടെ കൂട്ടായ്മയുടെയും സാംസ്കാരിക പരിപോഷണത്തിന്‍റെയും സാക്ഷ്യമാണു പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററെന്നു (പിഒസി) സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) യു ടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതസഭയില്‍ കേരളത്തിലെ സഭയുടെ നേതൃത്വപരമായ സ്ഥാനത്തിനു പിഒസി വലിയ പങ്കുവഹിക്കുന്നുണ്ട്. ബൈബിള്‍ പ്രേഷിതരംഗത്തു പിഒസി നിര്‍വഹിച്ച ശുശ്രൂഷകള്‍ അവിസ്മരണീയമാണ്. മുന്‍കാലങ്ങളില്‍ പിഒസി കേന്ദ്രമായി നടന്ന സാഹിത്യ ശില്പശാലകള്‍, ശിബിരങ്ങള്‍ എന്നിവയിലൂടെ ക്രൈസ്തവ എഴുത്തുകാര്‍ക്കു വലിയ തോതില്‍ പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്. കല, സാഹിത്യ, സാംസ്കാരിക രംഗങ്ങളില്‍ കേരളസഭയുടെ ക്രൈസ്തവ സാക്ഷ്യം കൂടുതല്‍ ശക്തമാകേണ്ടത് ആവശ്യമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാ ക്യം അധ്യക്ഷത വഹിച്ചു. സ്നേഹത്തിനു സാക്ഷ്യം നല്‍കാനുള്ള സഭയുടെ നിയോഗം നിര്‍വഹിക്കാനുള്ള മഹത്തായ വേദിയാണു പിഒസിയെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷ ണം നടത്തി. കേരളസഭയ്ക്കെന്നപോലെ പൊതുസമൂഹത്തിനും ദിശാബോധം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള പിഒസി, മാറിയ കാലഘട്ടത്തിന്‍റെ സവിശേഷതകള്‍ക്കനുസരിച്ച് അതിന്‍റെ ധര്‍മം ഫലപ്രദമായി നിര്‍വഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഒസി സ്ഥാപകനും ആദ്യ ഡയറക്ടറുമായിരുന്ന റവ. ഡോ. ജോസഫ് കണ്ണത്തിനു കെസിബിസിയുടെ പ്രഥമ കേരള സഭാരത്നം പുരസ്കാരം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ചു. മുന്‍ ഡയറക്ടര്‍മാര്‍, പിഒസിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ച വിവിധ വ്യക്തികള്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ് ഡോ. ജോസഫ് കരിയില്‍, പി.ടി. തോമസ് എംഎല്‍എ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഡി. വല്‍സലകുമാരി. പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സിസിഐ വൈസ് പ്രസിഡന്‍റ് ഡോ. മേരി റെജീന, കെസിസി സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, കെസിബിസിയുടെ വിവിധ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്ന അമ്പതു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മുന്‍ ഡയറക്ടര്‍ റവ. ഡോ. സക്കറിയാസ് പറനിലം വചനസന്ദേശം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org