ഭിക്ഷ

ഭിക്ഷ

ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

ഭക്ഷണമേശയില്‍ കൂട്ടരുമൊത്തു സു-
ഭിക്ഷമായ് തിന്നുകുടിക്കാനിരിക്കവേ-
ഉപ്പുകൂടിപ്പോയ ഹേതുവാലൊക്കെയും
ചപ്പുകുട്ടയിലേക്കിട്ടിട്ടു ഹീനമായ്-
കുറ്റമടുക്കളക്കാരിലേല്പിച്ചൊരു-
വറ്റുപോലും കഴിക്കാതെ ഞാനേല്ക്കവേ
ഊട്ടുമുറിയിലെ ചുമരിലായാണിയില്‍
ഒട്ടിയ വയറുമായി തൂങ്ങുന്ന ക്രൂശിതാ-
ഒത്തിരിപ്പൈദാഹമാര്‍ന്നു വിവശനായ-
ത്തിച്ചുവട്ടിലും കിണറിന്‍കരയിലു-
മെത്തിയ നിന്നനുഗാമി ഞാനെങ്കിലും
ലജ്ജ തോന്നാത്തയെന്‍ പിച്ചച്ചട്ടിയിതില്‍
മജ്ജമാംസങ്ങളാല്‍ തീര്‍ത്തൊരീ ജീവനില്‍
രക്ഷകാ, നീ വിളമ്പീടണേയന്‍പൊടു
ഭിക്ഷയായൊരു തവി ലജ്ജയിന്നെങ്കിലും…!

മൊത്തത്തിലഴകും വിലയുമേറീടുന്ന-
പുത്തനുടുപ്പുകളോരോന്നെടുത്തു ഞാന്‍-
വാച്ചിനും പൂച്ചിനും മുത്തുഹാരത്തിനും
മാച്ചാകുന്നില്ലെന്ന കാരണത്താലവ-
കൂട്ടിച്ചുരുട്ടിയെറിഞ്ഞു ഘോരമായ്
പെട്ടികള്‍ കൊട്ടിയടച്ചിട്ടു നില്ക്കവേ
അണിയറക്കുള്ളിലെ ചുവരിലായാണിയില്‍
തുണിയല്പധാരിയായ് തൂങ്ങുന്ന ക്രൂശിതാ
കച്ചിത്തൊട്ടി തൊട്ടു കല്ലറവരെ വെറും
കച്ചക്കഷണത്തില്‍ തൃപ്തി കണ്ടെത്തിയ
പച്ചനരന്‍ നിന്നനുയായിയെങ്കിലും
ലജ്ജ തോന്നാത്തയെന്‍ പിച്ചമാറാപ്പിതില്‍
മജ്ജമാംസങ്ങളാല്‍ തീര്‍ത്തൊരീ ജീവനില്‍
രക്ഷകാ, നീ നെയ്തു നല്കാന്‍ കനിയണേ
ഭിക്ഷയായൊരു മുഴം ലജ്ജയിന്നെങ്കിലും..!

ലക്ഷങ്ങളിട്ടങ്ങു കെട്ടിപ്പടുത്തൊരു
നക്ഷത്രമാളിക മുകളില്‍ മനോജ്ഞമാം
പട്ടുമെത്തമേല്‍ കിടക്കുമ്പോഴുമിനി
കെട്ടാനിരിക്കുന്ന സൗധത്തെയോര്‍ത്തു ഞാന്‍
വല്ലാതെയാകുലപ്പെട്ടല്പവും നിദ്രയി-
യില്ലാതെ മെല്ലെത്തിരിഞ്ഞു മറിയവേ
വര്‍ണ്ണച്ചുമരിലെയാണിയില്‍ മണ്ണിനും
വിണ്ണിനും മദ്ധ്യേയായി തൂങ്ങുന്ന ക്രൂശിതാ
കരുവിയും കുറുനരിയും കൂടുകൂട്ടുമീ
ധരയിലൊരു കൂരപോലും നിനക്കായ്
കരുതാത്ത നിന്നനുഗാമി ഞാനെങ്കിലും
ലജ്ജ തോന്നാത്തയെന്‍ പിച്ചപ്പാത്രമിതില്‍
മജ്ജമാംസങ്ങളാല്‍ തീര്‍ത്തൊരീ ജീവനില്‍
രക്ഷകാ, നീയളന്നേകുമാറാകണേ-
ഭിക്ഷയായോരടി ലജ്ജയിലെന്നെങ്കിലും…!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org