ഭൂമിയിൽ സ്വർ​ഗ്​ഗം പണിയാം

ഭൂമിയിൽ സ്വർ​ഗ്​ഗം പണിയാം

കവിത

അഡ്വ. വി.സി. എമ്മാനുവേല്‍

ഈ ലോകജീവിതം ഭാസുരമാക്കുവാന്‍
മാലോകരൊന്നുപോലാശിപ്പു നിര്‍ണയം
സ്വര്‍ഗീയ സന്തോഷ മീ ഭൂവില്‍ നേടുവാന്‍
മാര്‍ഗമൊന്നേയുള്ളൂ സോദരസേവനം
ആര്‍ജ്ജിപ്പതൊന്നുമേ സന്തുഷ്ടിയേകിടാ
വര്‍ജ്ജിപ്പതാണാത്മ സംതൃപ്തിദായകം
പണ്ടൊരു പാവമിരുമ്പു പണിക്കാര-
നുണ്ടായി സ്വര്‍ഗീയ ദര്‍ശനമീവിധം
ജീവിതകാലത്തിലേറെ വിശ്വസ്തനായ്
മേവിയോരാ നിസ്വനീശന്നു പ്രീതനായ്
സ്വര്‍ഗത്തിലേക്കു പുറപ്പെടാന്‍ ചീട്ടുമായ്
സ്വര്‍ഗീയദൂതന്‍ സമീപിച്ചു ദാസനെ
കേണപേക്ഷിച്ചു സമയത്തിനായവന്‍
കാരണം താനേറ്റ ജോലികള്‍ തീര്‍ക്കണം
വിത്തുവിതയ്ക്കുവാനുള്ള കലപ്പകള്‍
തീര്‍ത്തു കൊടുക്കണം വാക്കു മാറാതെ ഞാന്‍
സന്തോഷമോടെ വിടചൊല്ലി മാലാഖ
ചന്തത്തില്‍ തന്‍റെ പണികള്‍ തുടര്‍ന്നവന്‍
ആഴ്ചകള്‍ പിന്നിട്ട നേരമതാ ദൂതന്‍
വീഴ്ച കൂടാതെ സമീപിച്ചു വത്സനെ
ജാള്യതയൊട്ടും മറയ്ക്കാതുരച്ചവന്‍
നാളെ നാളെയെന്നു ചൊല്ലുവതെങ്ങനെ
എന്നാലുമെന്നയല്‍ക്കാരന്‍റെ രോദനം
കാണാതെ പോകാന്‍ മനസ്സും വരുന്നില്ല
ദേഹം തളര്‍ന്നവനേറെ യധ്വാനങ്ങ-
ളാവശ്യമാണവ ഞാന്‍ തന്നെ ചെയ്യണം
ഏതാനുമാഴ്ചകള്‍ക്കപ്പുറം ജോലികള്‍
പൂര്‍ത്തീകരിച്ചുവരാം, തുണച്ചീടണം.
മാലാഖ വീണ്ടും സമയം കനിഞ്ഞേകി
കാലം തികഞ്ഞതോടെത്തി മൂന്നാമതും
ദൂതനെ താണു വണങ്ങിയവന്‍ ചൊല്ലി
ദാസനോടനല്പം കരുണ കാട്ടേണമേ
എന്നയലത്തൊരു വീടെരിഞ്ഞഗ്നിയില്‍
ഖിന്നരാം വീട്ടുകാര്‍ക്കില്ലൊരു കൂരയും
പെട്ടെന്നു വീടൊന്നൊരുക്കണം ഞാനതിന്‍
മട്ടൊന്നു രൂപീകരിക്കാന്‍ കനിയണേ
നാളേറെ യീവിധം കാരുണ്യകര്‍മങ്ങള്‍
തീരാതെ തോരാതെ ചെയ്തീ സഹോദരന്‍
വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല സ്വര്‍ഗവും
സ്വര്‍ഗദൂതന്‍ തുടര്‍ന്നേകി സമയവും
ജോലികളെല്ലാമൊരുവിധം തീര്‍ന്ന നാള്‍
മാലാഖയോടവനോര്‍പ്പിച്ചു കാര്യങ്ങള്‍
സ്വര്‍ഗീയ താതന്‍റെ വീടണഞ്ഞീടുവാന്‍
സ്വര്‍ഗദൂതന്നൊപ്പമെത്താനൊരുങ്ങി ഞാന്‍
ദൂതന്‍ മൊഴിഞ്ഞു; നീ സ്വര്‍ഗരാജ്യത്തിന്‍റെ
വാതിലീ ഭൂവില്‍ തുറന്നു കഴിഞ്ഞിതേ.

വൃത്തം-കാകളി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org