ആവണിക്കാറ്റ് മായുമ്പോൾ

ആവണിക്കാറ്റ് മായുമ്പോൾ

വത്സ അശോക് കച്ചിറക്കല്‍, മേലൂര്‍

മേഘങ്ങള്‍ മാഞ്ഞുള്ള മാനം തെളിഞ്ഞു
മേലേ മാനത്തു സൂര്യനുയര്‍ന്നു
തുമ്പയും മുക്കുറ്റി, കൃഷ്ണകിരീടങ്ങള്‍
തുമ്പികള്‍ പാറുന്നു പൊന്നോണമായ്

പേമാരി ചൊരിഞ്ഞുള്ള കാലവര്‍ഷം മാഞ്ഞ്
കര്‍ക്കിടകത്തിലെ പഞ്ഞവും തീര്‍ന്ന്
ശരത്താഗമത്തിന്‍റെ നിറവിലായെങ്ങും
ആവണി മാസത്തിനാരംഭമായ്

ഭൂലോകം തന്നെയും തന്നതീശ്വരന്‍
ഭൂവിലെ സര്‍വ്വവും സൃഷ്ടിച്ചവന്‍
ഭൂമിയില്‍ നന്മയായീശ്വരനുണ്ടെന്നും
ഭൂതല വാസികള്‍ക്കാലംബമായ്

മാബലി വാണൊരു നാടുണ്ടിവിടെ
ശ്രീരാമദേവന്‍റെയോധ്യയുണ്ടിവിടെ
മുഹമ്മദ് നബി പണ്ടു വാണിരുന്നൂഴിയില്‍
മനുഷ്യനായീശോയും പിറന്നു പാരില്‍

ശത്രുക്കളില്ലാതെ പ്രജകളെ സ്നേഹിച്ച
നൃപനാം മഹാബലി വാണകാലം
ശത്രുവെ മിത്രമായ് കാണാന്‍ പഠിപ്പിച്ച
ശാന്തനാം മിശിഹാ വളര്‍ന്ന കാലം

നല്ലതു ചൊല്ലിയ, നന്മകള്‍ കാണിച്ച
നബി വചനങ്ങള്‍ നിറഞ്ഞ കാലം
നന്മകള്‍ കാട്ടുവാനീശ്വര സന്നിധേ
നിത്യവും യാചിച്ചിരുന്ന കാലം

മതമേതും മനുഷ്യന്‍റെ സൃഷ്ടികളെന്നാലാ-
മനുജനെ പടച്ചതീശ്വരന്‍ തന്നെ.
മനസ്സിലെ നന്മയിലീശനെ കാണുന്നാ-
മനതാരിലൊരു സൂനം വിടര്‍ന്നിടുന്നു.

കാലവും മാറിയിന്നുലകവും മാറുന്നു
കൊഴിയുന്നു നാരീനരരൂപമാകെ
മനുഷ്യത്വം മരവിച്ച നാടാണിന്നിവിടെ
മലര്‍ പോലിറുക്കുന്നു ജീവനേയും

പാപം പെരുകുന്നു, പാപി പിറക്കുന്നു
പാരിതില്‍ സാത്താന്‍ വിളയാടിടുന്നു
പൊളിയും ചതികളും വാനോളമാകുന്നു
പ്രായം മറന്നുള്ള കുറ്റവും പീഡയും

പൊക്കിളിന്‍ ബന്ധമറുത്തുള്ളൊരമ്മയോ
പുതുനിണം തന്നു തന്‍ ജന്മമേകിയോരച്ഛനോ,
പുറമേ ചിരിച്ചിട്ട്, കാടത്തം കാട്ടുന്ന
നിമിഷ സുഖികളായ് മാറുന്ന സഹജരോ!!!

ആരെ തുണക്കുമിന്നാരെ കരുതിടും
ആര്‍ക്കുമന്യമായ് തീരുന്നു വിശ്വാസം
കാത്തു പാലിച്ചാരു പോറ്റിടും
കാവല്‍മാലാഖപോല്‍ തന്‍ കുഞ്ഞുങ്ങളെ

മുത്തശ്ശിക്കഥ ചൊല്ലി കാലം കഴിക്കേണ്ട
മൂത്തു നരച്ചുള്ള വൃദ്ധരെപ്പോലും
മുന്നിലായ് കാണുന്നതെല്ലാം തകര്‍ത്തിടും
മുജ്ജന്മ ശാപികള്‍ കാപാലികര്‍!

പെരുകുന്നു ഗോവിന്ദച്ചാമിമാര്‍ ചുറ്റിലും
പൊലിയുന്നു ജിഷ-സൗമ്യ ജന്മങ്ങളും
പഴിക്കുന്നതാരെയീ ലോകത്തിലെന്നും
പാഴായ ജീവന്‍റെയുടയോനെത്തന്നെയോ!!

ആയിരം മാബലിമാര്‍ വന്നു വാണാലും
ആയിരമീശ്വരര്‍ പിറന്നു മറഞ്ഞാലും
ആരിലുമീശ്വര നന്മയുണ്ടെന്നാലേ
ആര്‍ക്കുമോണം, പൊന്നോണമാകൂ….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org