അബ്രാഹത്തിന്‍റെ മകന്‍ ഇസഹാക്ക് ജെഫ്തായുടെ മകള്‍ ‘നിര്‍ബന്ധിത’യോട് പറഞ്ഞത്

അബ്രാഹത്തിന്‍റെ മകന്‍ ഇസഹാക്ക്  ജെഫ്തായുടെ മകള്‍ ‘നിര്‍ബന്ധിത’യോട് പറഞ്ഞത്

ബെന്നി നല്ക്കര

കുഞ്ഞുപെങ്ങളേ, നമ്മള്‍ തമ്മില്‍
സംവത്സരങ്ങളുടെ അകലമുണ്ടെങ്കിലും
നിന്‍റെ ജീവിതം എന്നും എന്നെ
നൊമ്പരപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ അച്ഛന്മാരുടെ ഏകസന്താനങ്ങളായിരുന്നു നാമിരുവരും,
അവരുടെ സ്വപ്നങ്ങളുടെ മറുവാക്കുകളും.
നമ്മള്‍ രണ്ടും ബലിയാടുകളായിരുന്നല്ലോ?
ഞാന്‍ മതവിശ്വാസത്തിന്‍റേയും, നീ മതവിഭ്രാന്തിയുടെയും
ബലിക്കുഞ്ഞാടുകളായി മുദ്രകുത്തപ്പെട്ടു.
ഞാന്‍ ദൈവിക ഇടപെടലിനാല്‍ വിമുക്തനായപ്പോള്‍
നീ ദൈവപ്രീതിക്കായി നേര്‍ച്ചബലിയാകാന്‍ നിര്‍ബന്ധിതയായി.

മോറിയാമലയിലേക്കു അച്ഛനോടൊപ്പം പോകുമ്പോള്‍
ഞാനെത്ര ഉല്ലാസഭരിതനായിരുന്നെന്നോ?
അച്ഛന്‍റെ കൈപിടിച്ച് നടക്കുന്ന ഏതൊരു കുട്ടിയേയും പോലെ
ഞാനുമൊരുപാട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
ഒരു ചോദ്യം മാത്രം കേട്ടദ്ദേഹം
അസ്വസ്ഥനായെന്നാണെന്‍റെ ഓര്‍മ്മ
'ബലിയര്‍പ്പിക്കാനുള്ള ആട്ടിന്‍കുട്ടിയെവിടെ?'
പ്രായപൂര്‍ത്തിയാകാത്ത ആ ചോദ്യത്തിനു
"ദൈവം തരും" എന്ന മറുപടി കേട്ട് ഞാന്‍ തൃപ്തനായി
ഉത്തരമില്ലാത്ത മക്കളുടെ ചോദ്യങ്ങള്‍ക്കൊക്കെ
അച്ഛന്മാര്‍ തരുന്ന മറുപടിയാണല്ലോ അത്.

കുഞ്ഞുപെങ്ങളേ, തപ്പുകൊട്ടി നൃത്തച്ചുവടുകളോടെയല്ലേ
യുദ്ധം ജയിച്ചുവന്ന അച്ഛനെ നീ വരവേറ്റത്?
നിന്നെ വാരിപ്പുണരാന്‍ വന്ന നിന്‍റെയച്ഛന്‍
പക്ഷേ, കൈ പൊള്ളിയപോല്‍ നിന്നുപോയല്ലേ?
"മകളേ, നീയെന്നെ ദുഃഖത്തിലാഴ്ത്തി,
നീയെന്നെ വല്ലാത്ത വിഷമത്തിലാക്കി"യെന്നിങ്ങനെ
അച്ഛന്‍ പൊട്ടിക്കരയുന്നതെന്തെന്നറിയാതെ
നിന്ന നിന്‍റെ നെഞ്ചിടിപ്പ് ഞാനറിയുന്നു.
മോറിയാമലയുടെ മുകളില്‍ പെരുമ്പറ
മുഴക്കിയ ഒരച്ഛന്‍റെ നെഞ്ചിടിപ്പ്
ഒരു പൂന്തോട്ടമെന്നു പറഞ്ഞൊടുവില്‍
ഒരു പൂ മാത്രം കൊടുത്തിട്ടു പിന്നെയതും
തിരികെ വേണമെന്ന് പറഞ്ഞപ്പോള്‍
പതര്‍ച്ച കാട്ടാതെ നിന്ന ഒരച്ഛന്‍റെ നെഞ്ചിടിപ്പ്
ഇപ്പോഴും എന്‍റെടയീ കാതുകളിലുണ്ട്.
അമ്മോന്യരുമായുള്ള യുദ്ധം ജയിച്ചാല്‍
ആദ്യം കാണുന്നയാളെ നരബലി നല്കുമെന്ന
അച്ഛന്‍റെ നേര്‍ച്ച, ഒരു വെള്ളിടിയായിത്തീര്‍ന്നുവല്ലോ,
ആനന്ദനടനം നടത്തിയ നിന്നെ കണ്ടപ്പോള്‍?
പകച്ചുപോയ അച്ഛന്‍റെ മുമ്പില്‍
പതറാതെ നീ നിന്നു, പിന്നെ പറഞ്ഞു:
"കര്‍ത്താവിനങ്ങ് വാക്ക് കൊടുത്തെങ്കില്‍
അതനുസരിച്ച് എന്നെ ബലിയായി നല്കിയാലും"

എന്‍റെയച്ഛന്‍റെ കാഴ്ച്ചബലിക്കു
ഞാന്‍ അറിയാതെയാണ് പങ്കാളിയായതെങ്കില്‍,
നിന്‍റെ സമര്‍പ്പണം എത്രയോ ഉള്ളറിഞ്ഞാണ്?
നരബലിയാകാന്‍ നീ നിര്‍ബന്ധിതയായെന്നു
കാലം വിധിയെഴുതുമ്പോഴും
ഒരര്‍ത്ഥത്തില്‍ അച്ഛനല്ലല്ലോ, നീയല്ലേ ബലിയര്‍പ്പിച്ചത്?
എന്നിട്ടും എന്തേ, നിന്നെ രക്ഷിക്കാന്‍ മാലാഖ വന്നില്ല?
കുഞ്ഞുപെങ്ങളേ, നിനക്ക് പകരമായി മുള്‍പ്പടര്‍പ്പില്‍
ഒരാട്ടിന്‍കുട്ടിയും കുരുങ്ങിക്കിടന്നില്ലല്ലോ?

വിറകടക്കിനുമേല്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ
ഞാന്‍ വീണ്ടും ചിരിച്ചു, അച്ഛനോടൊപ്പം.
നീ പക്ഷേ, സഖിമാരോടൊപ്പം വിലപിച്ചു.
ഓര്‍മ്മയും ജീവനും നിലനിര്‍ത്താന്‍
ആരുമില്ലാത്തതിന്‍റെ വിലാപം!
ആ ഓര്‍മ്മയുണര്‍ത്തിയല്ലേ ഇന്നും
ഇസ്രായേല്‍ കന്യകമാര്‍ വിലപിക്കുന്നത്?

ഞങ്ങള്‍ ഇസഹാക്കുമാര്‍ എന്നും
ചിരിയുടെ പുത്രന്മാരാണല്ലോ?
നിങ്ങള്‍ എന്നും വിലപിക്കുന്ന കന്യകകളും!

* ജെഫ്തായുടെ മകള്‍ക്കു ന്യായാധിപരുടെ പുസ്തകത്തില്‍ പേരില്ലെങ്കിലും യഹൂദപാരമ്പര്യത്തില്‍ നിര്‍ബന്ധിത എന്നര്‍ത്ഥം വരുന്ന സെയ്ല (ഷൈല) എന്നു പേരുണ്ടായിരുന്നതായി പണ്ഡിതമതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org