അഖിലാണ്ഡ സാക്ഷ്യമേ വഴി തെളിക്കൂ

അഖിലാണ്ഡ സാക്ഷ്യമേ വഴി തെളിക്കൂ
Published on

ചെന്നിത്തല ഗോപിനാഥ്

സര്‍വസ്വം കല്പിച്ചൊരുക്കിയ സ്വര്‍ഗസ്ഥന്‍
ഇന്നീവിധം ബന്ധിച്ചു ഭൂമുഖവീഥിയെ
എല്ലാം അരുള്‍ ചെയ്ത തമ്പുരാനേ-മമ
മാനവവംശം നിഷിദ്ധമെന്നോ വിധി?

ഇന്നോളം പൃഥ്വിവില്‍ അങ്ങേപ്പരീക്ഷിച്ച
മന്നവര്‍ ശാസ്ത്രത്തിന്‍ യുക്തിരിക്തങ്ങളെ
എത്രയാവര്‍ത്തി നിന്‍ഭാഷ്യം രചിച്ചതിന്‍
സാരാംശമെണ്ണി പഠിപ്പിച്ചു സാക്ഷ്യമായ്.

സുനാമിത്തിരകളായ് സാഗരം കൈനീട്ടി
എബോള സിക നിപ്പ ഇന്നിതാ കോവിഡും
ഭൂലോക ടെക്കി സിദ്ധാന്തങ്ങളത്രെയും
വെടികൊണ്ട വനസൂരകം പോന്ന മട്ടിലായ്.

സ്വരരാഗതാളങ്ങള്‍ ശ്രവശുദ്ധിയാകിലോ
നാല്ക്കാലിവംശവും അനുരാഗപാതയില്‍
ശൃംഗാരലാസ്യം ലസിക്കുന്ന വേളയില്‍
മൃഗതുല്യരായിന്നു മാനവശ്രേണിയും.

നാനാനാമങ്ങളാല്‍ അഖിലാണ്ഡമാനവര്‍
നിന്നില്‍ പൊരുള്‍ തേടി ആരാധനാര്‍ത്ഥരായ്
സ്വാര്‍ത്ഥഭാവങ്ങള്‍ക്കതിര്‍വരമ്പില്ലാതെ
അനശ്വരപാദത്തിലാര്‍ത്തി പൂണ്ടോ ജനം

സൃഷ്ടികര്‍മത്തിന്റെ സര്‍വാധികാരിയെ
കലികാലമന്നരിന്നൊറ്റിക്കൊടുക്കുന്നു
പല ദൂഷ്യതത്ത്വങ്ങളെല്ലാം അന്യര്‍ത്ഥമായ്
ഇന്നും അണിയറയ്ക്കുള്ളില്‍ പീരങ്കിപോല്‍

ഇനിയൊന്നുമന്നരേ പിന്‍തിരിഞ്ഞങ്ങു നീ
ഭൂമുഖ ദൗത്യമെന്നൊന്നില്‍ ലയിച്ചിടൂ
സൃഷ്ടാവിന്‍ അഗ്രഹാരത്തില്‍ ചെന്നെത്തിടാന്‍
വൃഥാശ്രമമിനിയൊട്ടുകൈവിടൂ സാക്ഷ്യമായ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org