ചെളിയിലെ ചെങ്കമലം!

ചെളിയിലെ ചെങ്കമലം!

ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

ചെമ്മെഴാ ചൊല്‍, ചിന്ത, ചെയ്തികളെന്നിവ,
ചെല്ലക്കിടാങ്ങളായ്പ്പെരുകുമീ പാരിതിന്‍-
ചെളിയില്‍ മലയാളനാട്ടില്‍ വിരിഞ്ഞൊരു,
ചെന്താമരപ്പുഷ്പമല്‍ഫോന്‍സ കന്യക!
ചെറുനാള്‍മുതലുപവാസപ്രാര്‍ത്ഥനകളെ,
ചെവിഭൂഷണങ്ങളായവളണിഞ്ഞെപ്പൊഴും.
ചെറിയവനായ് വന്ന കതിരവനേശുവിന്‍-
ചെറുമിയായ്ത്തീരുവാനാശിച്ചിരുന്നവള്‍!
ചെപ്പടിവിദ്യകള്‍ കാട്ടി മാനുഷരെ,
ചെ കൊട്ടിക്കുന്ന ഭൗമസുഖങ്ങളില്‍,
ചെരിയാതെയുള്‍ത്തടക്കുംഭം നിറച്ചവള്‍,
ചെന്തേന്‍ കരുതി തന്നീശോയ്ക്കു മാത്രമായ്!
ചെല്ലിയും, ചാഴിയും തുതുരക്കാതെ,
ചെള്ളും,ഭ്രമരവും കാന്തികവരാതെ,
ചെങ്ങാലിറൂഹയാ നളിനത്തിനന്തികേ
ചെന്നിരുന്നു സദാ കാവലേകീടുവാന്‍!
ചുവടുകള്‍ ചേറ്റിലങ്ങാഴ്ന്നു നിന്നെങ്കിലും,
ചുറ്റുപാടാകെക്കലങ്ങിവന്നെങ്കിലും,
ചുമലില്‍ സുകൃതദളക്കൂടയൊന്നുമായ്,
ചുഴുയിലും മഴയിലും തകരാതെ നിന്നവള്‍!
ചാരിത്ര്യ, ദാരിദ്ര്യയനുസരണങ്ങളും,
ചാരത്തെ സദ്ഗുണപ്പച്ചിലക്കൂട്ടവും,
ചാപല്യമില്ലാത്ത ഹൃദയവിശുദ്ധിയും,
ചാരുതയേകിയാ കമലത്തിനേറെയായ്!
ചിത്രശലഭങ്ങളായ് ലോകമിഥ്യകള്‍,
ചിറകടിച്ചരികേ പറന്നുവന്നപ്പൊഴും,
ചിത്തഭ്രമം വരാതേശുവിന്‍ കാന്തയായ്,
ചിന്തൂരപ്പൊട്ടുതൊട്ടാക്കൊച്ചു സുന്ദരി!
ചിമ ചേര്‍ത്തടച്ചു തന്‍ കാന്തനാമീശനെ,
ചിന്തിച്ചു നിന്നൊരാപ്പൂവിനെ പുല്കിയ-
ചിന്മയരൂപന്‍റെ കരനിഴലിണകളാം,
ചില തീവ്രസഹനങ്ങളവളുടെ സ്വന്തമായ്!
ചില്ലുപോല്‍കൂര്‍ത്ത വന്‍പീഡകളാല്‍ നിണം-
ചിന്തി ഹൃത്തും മനവും പിടഞ്ഞപ്പൊഴും,
ചിരിയും കിളിക്കൊഞ്ചലാര്‍ന്ന മൊഴികളും,
ചിരമാമുഖത്തു പൊന്‍ദീപനാളങ്ങളായ്!
ചന്ദ്രനായന്തിയില്‍ മൂര്‍ദ്ധാവില്‍ മുത്തിയ,
ചങ്ങാതിയാമേശുനാഥന്‍റെ കൂടെയായ്,
ചന്തമെഴുന്ന സല്ലാപനിര്‍ല്ലീനയായ്,
ചന്ദ്രികയിലൂയ്യലാടിയാ യോഗിനി!
ചങ്കിന്‍റെ ചെപ്പിലെ ദിവ്യാനുരാഗമാം,
ചന്ദ്രകാന്തത്തിന്‍റെയൊളി മങ്ങിമായാതെ,
ചമ്മട്ടിയടിയേറ്റ തന്‍ പ്രാണനാഥനായ്,
ചരമനേരംവരെ കാത്തുസൂക്ഷിച്ചവള്‍!
ചഞ്ചലമാനസരാകാതെയേശുവില്‍,
ചരണങ്ങളൂന്നിച്ചരിക്കുകിലേവരും,
ചന്ദകപ്പൂക്കളായ് വിടരുമെന്നോതിയാ-
ചന്ദനഗന്ധിയല്‍ഫോന്‍സാ ലസിക്കയായ്!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org