വി.അൽഫോൻസാമ്മ

വി.അൽഫോൻസാമ്മ

സി. ടെര്‍സീന എഫ്.സി.സി.

ദൈവത്തിന്‍ കരവേലയാം അന്നക്കുട്ടി
മുട്ടത്തുപാടത്ത് മൊട്ടിട്ടു വിടര്‍ന്നു
അമ്മതന്‍ വാത്സല്യം മൂന്നു മാസം
പ്രിയതാതന്‍ പോറ്റിവളര്‍ത്തി മോളേ

വിശുദ്ധരുടെ കഥകള്‍ ചൊല്ലിക്കൊടുത്ത്
വല്യമ്മച്ചി മോള്‍ക്ക് പ്രിയങ്കരിയായി
ദൈവത്തിന്‍ നിയോഗം മറ്റൊന്നായി
അമ്മതന്‍ സോദരി പോറ്റമ്മയായി

ഏഴു വയസ്സില്‍ ഈശോയേ സ്വീകരിച്ച്
ഗാഢമായി തീവ്രമായി സ്നേഹിച്ചീശോയെ
പഠനത്തിലും മികവു പുലര്‍ത്തിയവള്‍
ഗുരുഭൂതര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയങ്കരി

കാലഘട്ടം മുന്നോട്ടു നീങ്ങിയപ്പോള്‍
കൗമാരത്തിലെത്തിയ അന്നക്കുട്ടി
ഈശോയെ മണവാളനായി സ്വീകരിക്കാന്‍
കൊതിച്ചവള്‍ക്കു പ്രതിബന്ധങ്ങളേറെ

സര്‍വവും നാഥനിലര്‍പ്പിച്ചവള്‍ക്ക്
ക്ലാരമഠത്തിന്‍ വാതില്‍ തുറന്നു കിട്ടി.
18 വയസ്സില്‍ യേശുവിന്‍ അല്‍ഫോന്‍സയായി
നാഥന്‍റെ കൃപാകടാക്ഷമെന്നും ലഭിച്ചു

സന്യാസപരിശീലനം പൂര്‍ത്തിയാക്കി
നാഥനു പൂര്‍ണമായി സമര്‍പ്പിച്ച്
ചെറുപുഷ്പത്തെ മാതൃകയായി കണ്ട്
ജീവിതനൗക തുഴഞ്ഞല്‍ഫോന്‍സാ

അനുസരണത്തിന്‍ നറുമലരും
വിനയഗുണത്തിന് പരിമളവും
നിറഞ്ഞു തുളുമ്പും ഹൃദയമോടെ
ഏവര്‍ക്കും മാതൃകയായി ജീവിച്ചല്ലോ

ഗോതമ്പ് ഇടിച്ചുപൊടിച്ചമാവ്
ചുട്ടെടുത്ത ഓസ്തിയാക്കിടുന്നു.
നല്ല മുന്തിരിപ്പഴങ്ങള്‍ ചക്കിലിട്ട്
ഞെക്കി ഞെരുക്കി ശുദ്ധീകരിച്ച വീഞ്ഞ്

ദിവ്യബലിക്കുപയോഗിച്ചിടുന്നല്ലോ
ഈ വിധത്തില്‍ നാം ശുദ്ധീകരിക്കപ്പെട്ടാല്‍
ഈശോയ്ക്കെന്തോരിഷ്ടമെന്നു നിത്യം
കൊച്ചുസഹോദരിമാരോടു കുശലം

വട്ടയിലയായമ്മ ചെടിക്കു വളമായ്
നല്ല പൂക്കളായി നല്ല ഫലം കായ്ച്ചു
വിളിച്ച നാഥനും സോദരങ്ങളേവര്‍ക്കും
അന്നും ഇന്നും എന്നും സൗരഭ്യമാണമ്മ

രാവും പകലും രോഗത്തിന്‍ വേദനയാല്‍
നിത്യം പീഡിതയീ അല്‍ഫോന്‍സാമ്മ
സ്നേഹിച്ച് സ്നേഹിച്ചു സ്നേഹബലിയായി
കുരിശുകളമ്മയെ ശക്തയാക്കി.

കുഞ്ഞുങ്ങള്‍ക്കിഷ്ടമുള്ളോരല്‍ഫോന്‍സാമ്മേ
ഞങ്ങള്‍ക്കിമ്പമുള്ളോരല്‍ഫോന്‍സാമ്മേ
സഹിക്കാന്‍ ക്ഷമിക്കാന്‍ ഞങ്ങള്‍ പതറുമ്പോ-
ളമ്മെ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org