അമ്മേ പ്രണാമം, സ്വസ്തി

അമ്മേ പ്രണാമം, സ്വസ്തി

കവിത

ആന്‍റണി പി.ജെ.

ഒരമ്മതന്‍ മിഴിനീര്‍മുത്തുകള്‍
കൊരുത്തതാണീ ജപമാല
രക്തക്കണ്ണീരൊഴുക്കും തവ തിരു-
സ്വരൂപത്തില്‍ മുമ്പില്‍ നിന്‍
മാദ്ധ്യസ്ഥ്യം തേടിയെത്തിയിന്നു ഞാന്‍

നിന്‍ തിരുമുമ്പിലിന്നീ ജപമാല-
യെന്‍ കണ്ണീര്‍ധാരയില്‍ നനയുമല്ലോ…
നിന്‍വ്യാകുലമത്രയുമീ രക്തക്കണ്ണീരിലുണ്ടമ്മേ
ഈറ്റുനോവിന്‍റെയാരാവില്‍
തപ്തനിശ്വാസമെത്രയുതിര്‍ത്തു നീ
ഒരുവാതില്‍ പോലും തുറന്നില്ല നിനക്കായ്…

ഇല്ലായ്മ നിന്നെ തളര്‍ത്തിയില്ല മേമ
പ്രത്യാശ നിന്നില്‍ നിറഞ്ഞിരുന്നല്ലോ
കാലിത്തൊഴുത്തു നീ ഈറ്റില്ലമാക്കി
പുല്‍ത്തൊട്ടിയന്നൊരു രാജശയ്യയായ്
പുല്‍മെത്തയോ; രാജഗൃഹമായ്…
എല്ലാമെല്ലാം ഹൃദയത്തിലേക്കു നീ സംഗ്രഹിച്ചു…

മഞ്ഞുപുതച്ചാ ജറുസലേം കുന്നു വിറങ്ങലിച്ചപ്പോള്‍
തായേ, നെഞ്ചിലെ ചൂടില്‍ പൊതിഞ്ഞുനീ ഉണ്ണിയെ
രാജശാസനയറിഞ്ഞു ഞെട്ടിത്തരിച്ചുനീ
ഉണ്ണിയെ മാറോടടക്കി നീ അമ്മേ
രാത്രിക്കു രാത്രി രാജ്യസീമ കടന്നുവല്ലോ…
ഓര്‍ത്താലെത്ര ഉദ്വേഗപൂര്‍ണം നിന്‍ജീവിതം അമ്മേ…

കപടവിചാരണയ്ക്കൊടുവിലാ ക്രൂശു
തവപുത്രന്‍റെ ചുമലിലവരേറ്റിയല്ലോ…
ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടമാ കഠിന പാതയില്‍
ക്രൂശുമായ് ശ്രീയേശു മുഖം കുത്തി വീണുവല്ലോ…
നിന്‍റെ കണ്ണീര്‍ മുത്തുകളന്നാ ഗാഗുല്‍ത്താ-
പാതയില്‍ വീണു പൊട്ടിച്ചിതറിയല്ലോ…

നിന്‍റെ മൂകമാം പ്രലപനമാ മലമ്പാതയി-
ലൊരു നിശബ്ദത തന്‍ പുതപ്പായ് വീണു കിടന്നുവല്ലോ…
ഒടുവിലാ ക്രൂശിലെ മൂന്നാണിയില്‍ പുത്രന്‍റെ ജീവന്‍-
പൊലിഞ്ഞപ്പോളെല്ലാറ്റിനും നീ മൂകസാക്ഷിയായ്…
എല്ലാം കഴിഞ്ഞപ്പോള്‍ പുത്രന്‍റെ മൃതമേനി
നിന്‍ മടിയിലേക്കമ്മേ നീ ഏറ്റുവാങ്ങി…

നിശ്ചലമാം ആ മേനി മടിയില്‍ കിടത്തി
സ്വര്‍ഗ്ഗത്തിലേക്കന്നു നീ ഉറ്റുനോക്കി…
വ്യാകുല വാളിന്‍ മൂര്‍ച്ചയില്‍ മുറിഞ്ഞു-
തകര്‍ന്ന നിന്‍ ഹൃദയ വേദനയോര്‍ക്കുകില്‍
എന്‍റെയീ സഹനമെത്ര നിസ്സാരം അമ്മേ…
അമ്മേ മറിയമേ… പ്രണാമം… സ്വസ്തി…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org