അവതാരം

അവതാരം

ഫാദര്‍ ജോസ് കപ്യാരുമലയില്‍

സമര്‍പ്പണം: പുഴയില്‍ കുളിച്ചപ്പോള്‍ തലച്ചോറില്‍ കയറിക്കൂടിയ അമീബയുടെ ഇരയായ് അകാലത്തില്‍ പൊലിഞ്ഞ ബാല്യത്തിന്….

ഇനി ഒരു യുദ്ധം വെളളത്തിനെന്ന്….
ഭൂമിയുടെ രക്തകുഴലുകളെത്ര നദികള്‍ ….
ഹരിതവനം അമ്മയുടെ ഉടയാടയത്രേ….
കലാലയങ്ങളിലീ വേദസൂക്തം
ഉരുക്കഴിക്കുന്ന തിരക്കിലാണ് ഗുരുഭൂതര്‍
മേഘസന്ദേശമായ് ഇതൊരായിരം വട്ടം
പുനര്‍ജനിച്ചു സ്വകാര്യതകളില്‍
തെരുവോരത്ത് കണ്ഠക്ഷോഭം തീര്‍ക്കു
ന്നവന്‍റെ വജ്രായുധവും ഇതുതന്നെ!!
തെളിയും കഥയുമായ് ശാസ്ത്രം
ഉമ്മറപടിയില്‍ സൊറപറഞ്ഞിരിക്കുന്നു.
"ഒരു മരം നട്ടും" "ഒരു തുളളി പലതുളളിയാക്കിയും"
ആവേശം തീര്‍ക്കുന്നു ചിലര്‍
പത്രത്തില്‍ പടമാകാന്‍…..
അമീബയുടെ ഇരകള്‍ തലച്ചോറില്ലാതെ
പത്രത്തില്‍ പടമാകുന്നു
പടമൊന്ന് തന്നെ പശ്ചാത്തലം "കറുപ്പും ഫ്ളെക്സും"
കുഴിവെട്ടിമൂടുന്ന ഖരമാലിന്യങ്ങളില്‍
അമീബക്ക് ഗര്‍ഭഗൃഹം തീര്‍ക്കുന്നു നരന്‍
സംഘമായും ഒറ്റയാനായും
"നിയമത്തിലെ പഴുതും" "ഇരുളിന്‍റെ മറയും"
അവന് രഥചക്രം തീര്‍ക്കുന്നു….
നദിയില്‍ കുളിക്കുന്നവന്‍റെ നാസാ-
രന്ദ്രങ്ങളിലേക്ക് തുരങ്കം തീര്‍ത്തവ
മഹായാനമാരംഭിച്ചിരിക്കുന്നു!!!!
ഇനി നാം കുളിക്കടവില്‍ തല
ച്ചോറഴിച്ച് വച്ച് കുളിക്കണം
തെരുവുനായ കനിഞ്ഞാല്‍ വീണ്ടും മനുഷ്യനാകാം
അല്ലെങ്കിലും ഇന്നാര്‍ക്കാണ് തലച്ചോറ്
ചായം പൂശിയും തീര്‍ത്ഥത്തില്‍ മുക്കിയും
നാമതിനെ പുതുവേഷം അണിയിച്ചില്ലേ
"ശ്വാ" വായും "ഗോ" വായും
തലച്ചോറില്ലാത്തവര്‍ രമിക്കുന്നു
നാംബ നാട്ടാളര്‍ അഭിജാതര്‍!
ധാര്‍മ്മികതയുടെ പടകഞ്ചുകമണിഞ്ഞവര്‍
"കടമനിട്ട"യുടെ "കാട്ടാളന്‍"
ഒരവതാരമെടുത്തിരുന്നെങ്കില്‍….
ഹോട്ടല്‍ മാലിന്യം പുഴയിലൊഴുക്കുന്നവന്
ഇടി തീയായും
കരിപുരണ്ടജലം നദിയിലൊഴുക്കുന്നവനും
അറവുമാലിന്യം പുഴയിലെറിയുന്നവനും
ഒരന്ത്യ അത്താഴവുമായ്
നിരക്ഷരനായ്….
നിര്‍ഭയനായ്….
കിരാതനായ്….
ഒരു കാട്ടാളന്‍ പിറന്നിരുന്നെങ്കില്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org