ഭാരതദൂതന്‍

ഭാരതദൂതന്‍

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

അനുഗമിക്കുകയെന്നരുളിയ ഗുരുവാം-
അതുലദയാനിധിയേശുവിനെ,
അഖിലവുമവിടെയുപേക്ഷിച്ചൊരുവന്‍
അനുപദമുടനെ പിന്‍ചെന്നു!
അന്നുമുതല്‍ക്കാ നാഥനോടൊപ്പം
അര്‍ത്ഥനചെയ്തും, ഭക്ഷിച്ചും,
അനവധിയത്ഭുതവേലകള്‍ കണ്ടും,
അതിമോദത്തില്‍ ജീവിച്ചു.
അരികേചേര്‍ന്നുനടന്നുമിരുന്നും,
അതിശയമോടേ വീക്ഷിച്ചും,
അധരസുമങ്ങളില്‍നിന്നു കിനിഞ്ഞ-
അമൃതോലും തിരുമൊഴി കേട്ടു.
അലിവിന്നുറവാം ഗുരുവിനു നേരേ
അപവാദങ്ങളെറിഞ്ഞൊടുവില്‍,
അവഹേളിച്ചൊരു മലമേലൊരുനാള്‍
അപരാധികളവര്‍ ക്രൂശിച്ചു.
അതുകൊണ്ടൊന്നും ഇടയനെ വെടിയാന്‍
അല്പവുമവനു കഴിഞ്ഞില്ല.
അമിതനിരാശയിലൊരുപിടി നാളുകള്‍
അനുശോചിച്ചുകഴിഞ്ഞു സദാ.
അവരൊത്തന്നാ ബന്ധിതമുറിയില്‍
അഭയം തേടിയിരുന്നപ്പോള്‍,
അതുല്യശോഭിതനുത്ഥിതനവരുടെ-
അന്തികേ വന്നൂ സുസ്മിതനായ്!
അവിശ്വാസത്തിന്‍ തിമിരം തിങ്ങും
അക്ഷികളൊന്നു തുറക്കാനും,
അംഗുലിയാല്‍ തന്‍ പാര്‍ശ്വ ക്ഷതത്തെ
അറിയാനും ക്ഷണമവനേകി!
അസുലഭദര്‍ശനമതിനാല്‍ നേടിയ-
അവബോധത്താലവനെ തന്‍-
അധികര്‍ത്താവും ദൈവവുമായി
അത്യുച്ചത്തില്‍ ഘോഷിച്ചു!
അത്തരമൊരു ദൃഢവിശ്വാസത്തിന്‍-
അനശ്വരദൂതുവഹിച്ചൊരുനാള്‍
അലകടല്‍താണ്ടിയണഞ്ഞാ ശ്ലീഹാ
അഴകിയ ഭാരതതീരത്തായ്.
അവനെ ശ്രവിച്ചവരേവരുമൊരുപോല്‍
അജ്ഞത നീങ്ങി ശോഭിതരായ്.
അവരാനന്ദമൊടീശോ കാട്ടിയ-
അവികലമാര്‍ഗ്ഗം കൈക്കൊണ്ടു.
അവനിയില്‍ സുവിശേഷത്തിനു സാക്ഷ്യം
അഭിമാനത്തോടേകാനും,
അടിപതറാതെ ചരിക്കാനും നിന്‍-
അരുമസുതര്‍ക്കു വരം തരണേ.
അംബികയാം തിരുസ്സഭയെ പലരും
അപമാനിച്ചു രസിക്കുമ്പോള്‍,
അവളോടൊത്തു സഹിച്ചിടുവാനായ്
അനുഗ്രഹമേകൂ, മാര്‍ത്തോമ്മാ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org