കുരിശില്‍ നിന്ന് ഇറങ്ങി വരാത്ത ക്രിസ്തു

കുരിശില്‍ നിന്ന് ഇറങ്ങി വരാത്ത ക്രിസ്തു

അദ്ധ്യാപകന്‍ കുട്ടികളെ മാപ്പ് കാണിച്ച് പഠിപ്പിക്കുന്നതുപോലെ പടയാളി കുന്തംകൊണ്ട് ഹൃദയം ചൂണ്ടിക്കാണിക്കുകയാണ്. ഇത്രയധികം സഹിക്കുവാന്‍, ഇങ്ങനെ മരിക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത് ഹൃദയമാണത്രേ; അതിരില്ലാത്ത സ്‌നേഹമാണ്. ഈ സ്‌നേഹത്തിന്റെ മുമ്പിലാണ് ലോകം നമ്രശിരസ്‌കരാകുന്നത്. കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍ ക്രിസ്തുവിന്റെ വേദനകളില്‍ ക്രൂരമായ സന്തോഷവും സംതൃപ്തിയും കാണാനെത്തിയ ജനത ഒരു മനുഷ്യജീവിതത്തിന്റെ അന്ത്യം ദര്‍ശിച്ചെന്ന് വിചാരിച്ചു. പരിപൂര്‍ണ പരാജയം അതാണ് ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് അവരുടെ പുതിയ വിധി. വാഗ്ദാനങ്ങള്‍ നിറഞ്ഞ ഒരു ചെറുപ്പക്കാരന്‍, അതിമാനുഷ ശക്തികള്‍ കൈകാര്യം ചെയ്തവന്‍, ജനഹൃദയങ്ങളെ പിടിച്ചടക്കുവാന്‍ പ്രാപ്തനായിരുന്ന നേതാവ്, എല്ലാം കുരിശില്‍ തകര്‍ന്നിരിക്കുന്നു.

അദ്ദേഹം ഒരു പ്രസ്ഥാനവുമായി മുമ്പോട്ടുവന്നു; ഒരു ശിഷ്യഗണത്തെ സംഘടിപ്പിച്ചു; ഒരു ചെറിയ സമൂഹം ചുറ്റുംകൂടി. എല്ലാം ഉപേക്ഷിച്ച് പിന്നാലെ വന്ന ഒരു ഗണമായിരുന്നു അത്. ആ വെള്ളിയാഴ്ച അത് ഛിന്നഭിന്നമായി. ഒരുമിച്ചുകൂട്ടാന്‍ സാധിക്കാതെ ഉടഞ്ഞ ഒരു പാത്രം പോലെ അവര്‍ തകര്‍ന്ന് തരിപ്പണമായി. അപഹാസ്യമായ, ദുഃഖപര്യവസായിയായ പരിപൂര്‍ണ പരാജയമായ ഒരു ജീവിതകഥയായി അവര്‍ ക്രിസ്തുവിന്റെ ജീവിതത്തെ ദര്‍ശിച്ചു. "നീ മിശിഹായാണങ്കില്‍ കുരിശില്‍ നിന്നും ഇറങ്ങി വരിക. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇപ്പോള്‍ കഴിയുമെങ്കില്‍ സ്വയം രക്ഷിക്കട്ടെ…" ഇങ്ങനെ പലതും പറഞ്ഞു മരിക്കുവാന്‍ കിടന്നവനെ പരിഹസിക്കുന്നു. കുരിശില്‍നിന്ന് ഇറങ്ങി വരാതെ, സ്വയം രക്ഷിക്കാതെ ക്രിസ്തു അവിടെ കിടന്ന് മരിച്ചു.

പക്ഷേ, ഇവയുടെ നടുവില്‍ക്കൂടി നടന്നു നീങ്ങി ക്രിസ്തു നമ്മുടെ ഹൃദയത്തെ പിടിച്ചടക്കുന്നു. അവിടുത്തെ ഹൃദയത്തില്‍ വിദ്വേഷത്തിന്റെയോ നീരസത്തിന്റെയോ കണികപോലുമില്ല. നന്മ ചെയ്തുകൊണ്ട് കടന്നുപോയ ക്രിസ്തു കുരിശുചുമന്നു കൊണ്ടുപോകുമ്പോഴും നന്മമാത്രമാണ് വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത്. തന്റെ ശിഷ്യനായ യൂദാസിനെ അവസാന നിമിഷംവരെ 'സ്‌നേഹിതാ,' എന്ന് വിളിച്ചു കൊണ്ട് സ്‌നേഹം നീട്ടിക്കൊടുക്കുകയായിരുന്നു ക്രിസ്തു.

ഒന്നുകൊണ്ടും തകരാത്തവന്‍. മരണവേദനയില്‍ പ്പോലും മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലും വേദനകളിലും ഇടപെട്ട് അവരെ രക്ഷിക്കു ന്നവന്‍. നന്മ ചെയ്ത കൈകള്‍ കുരിശില്‍ തറയ്ക്കപ്പെട്ട് നിശ്ചലങ്ങളാകുമ്പോഴും വീണ്ടും നന്മചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന, തുടിക്കുന്ന ഹൃദയമുള്ളവന്‍. താന്‍ സ്‌നേഹിച്ചവരിലുള്ള വിശ്വാസവും സ്‌നേഹവും ഒരു ശക്തിക്കും എടുത്തുകളയുവാന്‍ സാധിക്കാത്തവിധം തനിക്കുള്ളവരെ അവസാനം വരെ അത്രയധികം സ്‌നേഹിക്കുന്നവന്‍. പരാജയം സമ്മതിക്കാത്ത സ്‌നേഹവുമായി കുരിശില്‍ കിടക്കുന്ന ക്രിസ്തു, താന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാവരേയും തന്നിലേക്കാകര്‍ഷിക്കുമെന്ന് പറഞ്ഞതുപോലെ ഇന്ന് ലോകത്തെ ആകര്‍ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org