Latest News
|^| Home -> Poems -> ക്രിസ്തുമസ്സ് സ്റ്റാർ

ക്രിസ്തുമസ്സ് സ്റ്റാർ

Sathyadeepam

ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, പാലക്കാട്

ക്രിസ്തുമസ്സ് പരീക്ഷതീര്‍ന്നു, സന്തോഷം തുടികൊട്ടി
നക്ഷത്രമുണ്ടാക്കേണം, ഉച്ഛിയില്‍ നാട്ടീടേണം.

നീലകണ്ഠന്‍ എന്‍ സുഹൃത്ത്, ഇല്ലിവെട്ടിയൊരുക്കി
കണ്ടാല്‍ കൊതിക്കുംപോലെ, നക്ഷത്രം പണിതീര്‍ത്തു

വര്‍ണ്ണക്കടലാസൊട്ടി, എത്രമോഹനം കാണാന്‍
തകരവിളക്കതില്‍ സ്ഥാപിച്ചു ശോഭയ്ക്കായ്

തുണ്ടുക്കയറുകളെ കെട്ടിട്ടു നീളംകൂട്ടി
തേന്‍മാവിന്‍ തുഞ്ചത്തത് കോര്‍ത്തുവലിക്കാറാക്കി

സന്ധ്യാപ്രാര്‍ത്ഥനാ മണിമുഴങ്ങി മുഹൂര്‍ത്തമായ്
അയല്‍ക്കാര്‍ കൂടിവന്നു നക്ഷത്രം കാണാനായി

ദീപംകൊളുത്തും കര്‍മ്മം നീലകണ്ഠനു നല്കി
വലിച്ചുപൊക്കും കര്‍മ്മം അവനെനിക്കു നല്കി

അഭിമാനത്തോടെ ഞാന്‍ കയറുവലിച്ചപ്പോള്‍
കൂട്ടുകാര്‍ മിഴിച്ചുപോയി, നക്ഷത്ര വലുപ്പത്തില്‍

എന്‍ മോഹക്കയറങ്ങ് മാങ്കൊമ്പില്‍ ഉടക്കിപ്പോയി
മറിഞ്ഞുവിളക്കൊന്ന് നക്ഷത്രം തീക്കുണ്ഠമായ്

ആഹ്ലാദം കാണിച്ചവര്‍ കളിയാക്കി ചിരിച്ചു
ഞങ്ങള്‍തന്‍ മനസ്സിലെ നക്ഷത്രം എരിഞ്ഞുപോയ്

ആശ്വാസവാക്കുമായ് അമ്മമാര്‍ ചാരെ വന്നു
നാളെ നമുക്കുയര്‍ത്താം നക്ഷത്രം വേറെയൊന്ന്

പ്രതീക്ഷ ആവേശമായി, നക്ഷത്രം പണിതീര്‍ത്തു
അരിയ്ക്കലാമ്പുംവെച്ചു, പുത്തന്‍ ചരടും കെട്ടി

ആരെയും വിളിച്ചില്ല, പരിഹാസം കേള്‍ക്കാനോ
ഞങ്ങള്‍ വീട്ടുകാര്‍മാത്രം, നക്ഷത്രം ഞാനുയര്‍ത്തി

കരോള്‍ക്കൂട്ടവുംവന്നു, നക്ഷത്രം വിസ്മയമായ്
നന്നായി നന്നായെന്ന് എല്ലാവരും പ്രശംസിച്ചു

പഠിച്ചുപാഠം ഞങ്ങള്‍, ആരും പഠിപ്പിച്ചല്ല
ജീവിതപോരാട്ടത്തില്‍, നഷ്ടങ്ങള്‍ ലാഭമാക്കാം

നമ്മള്‍ തന്‍ മനോദുഃഖം അമ്മമാര്‍ കണ്ടറിയും
വേദന നാളുകളില്‍ അമ്മയെ ഓര്‍ത്താല്‍ മതി.

ദൈവത്തിന്‍ നക്ഷത്രമായ്, ശോഭിച്ചുയര്‍ന്നീടുവാന്‍
താഴേണം എളിമയില്‍, സ്നേഹത്തില്‍ വളരേണം.

Leave a Comment

*
*