ക്രിസ്തു വെളുത്തവൻ

ക്രിസ്തു വെളുത്തവൻ

-സന്തോഷ് സെബാസ്റ്റ്യന്‍ മറ്റത്തില്‍

ക്രിസ്തു വെളുത്തവന്‍ ആണത്രേ!
കുരിശില്‍ മരുച്ചൂടിന്‍റെ വെയിലേറ്റു വാടുമ്പോള്‍
അവന്‍റെ നിറം കരുവാളിച്ചിരുന്നു.

കുരിശുയാത്രയില്‍ അടിവേരു തകര്‍ന്നപ്പോഴും
അവന്‍റെ നിറം കരുവാളിച്ചിരുന്നു.

പക്ഷേ,
ചിലര്‍ക്ക്
ചിലര്‍ക്കു മാത്രം
ക്രിസ്തു വെളുത്തവന്‍ ആണത്രേ.

പ്രണയത്തിനു ജാതി പറഞ്ഞു
വകഞ്ഞു മാറുമ്പോഴും
അവന്‍റെ നിറം കരുവാളിച്ചിരുന്നു.

പ്രണയിച്ചതിനു നിലയില്ലാ കയത്തില്‍ മുക്കുമ്പോഴും
അവന്‍റെ നിറം കരുവാളിച്ചിരുന്നു.

പക്ഷേ,
ചിലര്‍ക്ക്
ചിലര്‍ക്കു മാത്രം
ക്രിസ്തു വെളുത്തവന്‍ ആണത്രേ.

അതെ, അവന്‍ വെളുത്തവനാണു ചിലപ്പോള്‍,
വിളറി വെളുത്തവന്‍.

ചൂടേറ്റു വീഴുന്ന
കര്‍ഷകന്‍റെ കണ്ണീര്‍കണങ്ങള്‍ പോലെ
വെളുത്തവന്‍
ജാതിയുടെ അതിര്‍വരമ്പില്‍
ഭ്രഷ്ടനാക്കപ്പെട്ടവന്‍റെ കണ്ണീര്‍കണങ്ങള്‍ പോലെ
വെളുത്തവന്‍

പകലന്തിയോളം വിയര്‍ക്കുന്ന
അമ്മയുടെ കണ്ണീര്‍കണങ്ങള്‍ പോലെ
വെളുത്തവന്‍.

പക്ഷേ
ചിലര്‍ക്ക്,
ചിലര്‍ക്കു മാത്രം
ക്രിസ്തു വെളുത്തവന്‍ ആണത്രെ.

ആ ചിലരുടെ കൂട്ടത്തില്‍
ക്രിസ്തുവിനെ കണ്ടവരുണ്ടോ?
ഉണ്ടാകാന്‍ ഇടയില്ല.

കാരണം, അവനെ അവര്‍
ഒരു പുഴയില്‍
മുക്കിക്കൊന്നു!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org