ആദ്യത്തെ ക്രിസ്തുമസ് രാത്രി

ആദ്യത്തെ ക്രിസ്തുമസ് രാത്രി

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്

ഒലിവുമരങ്ങള്‍ മഞ്ഞിന്‍മഴയാല്‍
ഇലകള്‍ കൊഴിയ്ക്കും രാത്രി!
തഴുകിവരും കുളിര്‍കാറ്റില്‍ കിളികള്‍
മുഴുകിയിരിക്കും രാത്രി!
നിശയുടെ കമ്പിളി മൂടിയുറങ്ങും
നിഴലുകളണിയും രാത്രി!
അകലെ വിഹായസ്സിലൊഴുകിനടക്കും
മുകിലുകള്‍, വാനവദൂതര്‍!
അവയുടെ ചുംബനമേറ്റുമയങ്ങും
അഴകണിഗിരിനിര ദൂരെ!
വെള്ളപ്പട്ടു വിരിച്ചതുപോലെ
വെള്ളിനിലാവില്‍ കാണ്മൂ
യാമം നീങ്ങുവതെണ്ണിക്കഴിയും
യാമിനി മൈതാനത്തില്‍
കാവല്‍ നില്ക്കേ, യാട്ടിടയന്മാര്‍
കേട്ടൊരു നൂതനവാര്‍ത്ത:

രക്ഷകനാകും ദൈവകുമാരക-
നിക്ഷിതി തേടിയണഞ്ഞൂ!
കാലികള്‍ മേയും പുല്ക്കുടിലൊന്നില്‍
കാലത്തിന്‍ പ്രിയപുത്രന്‍!…

ഓടുകയായവര്‍ വാനില്‍ക്കണ്ടൊരു
ചൂടാ രത്നസമാനം
താരകമൊന്നാനേരം പാരില്‍
താരൊളി നിറയെത്തൂകി!
വഴി കാട്ടുകയായ് കല്ലും മുള്ളും
വഴി മാറുകയായ് താനേ!
അവതാരത്തില്‍ ഗാനതരംഗിത
പവിഴ മനോഹര ഭൂവില്‍
അവരുടെ കണ്ണുകള്‍ തേടിയ സ്വപ്നം
കവിത വിടര്‍ത്തും പോലെ…
കനകനിലാവില്‍ പൊന്നിന്‍ രൂപം
കമനീയാംഗിത ശിശുവായ്
പിള്ളക്കച്ചകള്‍ പൊതിഞ്ഞോരുണ്ണി
പുഞ്ചിരി തൂകുവതല്ലോ
കണ്ടവര്‍, വേഗം മുന്നില്‍താനേ
കുമ്പിടുമാനിമിഷങ്ങള്‍
ശലഭങ്ങള്‍പോല്‍ പാറുകയാണോ
കലികകള്‍ തേടുകയാണോ!

അവരുടെ കണ്ണീരൊപ്പിയകറ്റാന്‍,
ആഗതനായൊരു കതിരോന്‍!
ആതിരരാവില്‍ കതിരുപൊഴിയും
പാതിരാസൂര്യന്‍ പോലെ!

അവനീ നാഥനു കാഴ്ചയണയ്ക്കാന്‍
അവരുടെ ഹൃദയ സുമങ്ങള്‍!
ഒഴുകി വരുന്നൊരു ഗീതം കേട്ടൂ
തഴുകും വാനവഗീതം…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org