വിശുദ്ധോദയം

വിശുദ്ധോദയം

ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.

കനകാസ്തമയവിസ്മയമൊന്നുകാണുവാന്‍,
കാതങ്ങള്‍ താണ്ടിയനേകരെത്തുന്നൊരാ-
കന്യാകുമാരിയിലദ്ഭുതമെന്നപോല്‍
കാറ്റാടിമലമേല്‍ വിശുദ്ധോദയപ്രഭ!

കര്‍ക്കശന്‍ രാമയ്യദളവതന്‍ വാഴ്ചയില്‍,
കാര്യവിചാരിപ്പുകാരനായ് മേവിയ,
കോമളന്‍ നീലകണ്ഠന്‍പിള്ളയെന്നൊരാള്‍,
ക്രൈസ്തവവിശ്വാസിയായതാശ്ചര്യമേ!

കോട്ടവളപ്പതില്‍ സൈന്യാധിപനായ,
ക്യാപ്റ്റന്‍ ഡിലനോയിയില്‍നിന്നനുദിനം,
കേട്ടുപഠിച്ചറിഞ്ഞേശുവിനെയയാള്‍,
കൈക്കൊണ്ടൊരുദിനംജ്ഞാനസ്‌നാനം മുദാ.

'കര്‍ത്താവ് തുണ'യെന്നയര്‍ത്ഥം വരുന്നതാം,
കമനീയപേരിനാല്‍ 'ദേവസഹായ'മായ്.
കണവനവന്‍തന്റെ മാതൃക കണ്ടു സ്വ-
കാന്തയും'ത്രേസ്യാ'യായ് മാറിയതേദിനം.

കൊട്ടാരവാസികള്‍, സമുദായനായകര്‍,
കശ്മലമാനസര്‍, വൈരികളൊന്നുപോല്‍,
കച്ചകെട്ടിയിറങ്ങിയാ മനുഷ്യനെ,
കുറ്റവാളിയാക്കി ശിക്ഷവിധിച്ചിടാന്‍.

കെട്ടുകഥ വിശ്വസിച്ച ദളവയോ,
ക്രിസ്തുവിശ്വാസം പരിത്യജിച്ചീടുകില്‍,
കീര്‍ത്തിയെഴും സ്ഥാനമാനങ്ങളൊക്കെയും,
കാഴ്ചനല്കാമെന്ന വാക്കയാള്‍ക്കേകിനാന്‍.

കാന്തിയെഴുമുപഹാരങ്ങളേക്കാളും,
കാന്തമായ് തന്നെയാകര്‍ഷിപ്പതേശുവിന്‍-
കാമ്പെഴും സ്‌നേഹമെന്നാധീരനോതവേ,
കാരാഗൃഹത്തിലടച്ചവനെയവര്‍.

കരി,ശോണവര്‍ണ്ണങ്ങളിലുള്ള പുള്ളികള്‍,
കഴല്‍തൊട്ടു ശിരസ്സോളം ദേഹത്തിലിട്ടൊരു-
കാട്ടെരുമപ്പുറത്തേറ്റി പ്രദക്ഷിണം,
കാട്ടിയവരാ നിര്‍ദ്ദോഷി ക്രിസ്ത്യാനിയെ.

കപികള്‍തന്‍ കൂട്ടിലിരുത്തി; ദിനമനു
കയര്‍ചാട്ടയാലടിച്ചുള്ളംകാലുകളില്‍;
കൂര്‍ത്ത കല്‍വഴിയേ വലിച്ചിഴച്ചോണ്ടുപോയ്;
കുരുമുളകുതേച്ചൂ മുറിവുകള്‍ തോറുമേ.

കട്ടുകഴപ്പനുറുമ്പുകൂട്ടങ്ങള്‍ തന്‍-
കടിയേറ്റൂ; പൊരിയുന്നവെയിലത്തിരുന്നവന്‍;
കുടിവെള്ളമായ് ചെളിനീരു നുകര്‍ന്നവന്‍;
കത്തുന്ന ചുണ്ണാമ്പുചൂളയില്‍ നിന്നവന്‍.

കഠിനമാമിവ്വിധപീഡകളൊന്നുമേ,
കടുകിടയവനെ ചലിപ്പിച്ചിടായ്കയാല്‍,
കൊലചെയ്തു കാറ്റാടിമലയിലൊടുക്കുവാന്‍,
കല്പനയായി രാജാവൊരുനാളതില്‍.

കൈകാലുകള്‍ ചങ്ങലകളാല്‍ കെട്ടിയും,
കാര്‍വേണി ചുറ്റിപ്പിടിച്ചാഞ്ഞുതള്ളിയും,
കാറ്റാടിഗിരിയുടെ നിറുകയിലേയ്ക്കവര്‍,
കൊണ്ടുപോയാ നിര്‍മ്മലന്‍ കര്‍ത്തൃദാസനെ.

കരവിലങ്ങുകളെ കൈവളകളാക്കി,
കുരിശുപോല്‍ ചങ്കോടുചേര്‍ത്തുഗ്രസിച്ചിരു-
കാല്‍മുട്ടുകളിലര്‍ഥിച്ചൊരാ ദിവ്യനെ,
കാഞ്ചി വലിച്ചു കുരുതി കഴിച്ചവര്‍.

കാലങ്ങളേറെക്കഴിഞ്ഞിന്നു ഭാരതം
കണ്ട പ്രഥമയല്മായവിശുദ്ധനായ്,
കിരണങ്ങളേന്തിയുദിച്ചുനില്ക്കുന്നവന്‍,
കാഞ്ചനസൂര്യനായ്, ശോണിതസാക്ഷിയായ്!

കന്യാതനയനെയന്ത്യശ്വാസംവരെ,
കരളില്‍ ഭജിച്ചയമാനുഷഭക്തനേ,
കറയേതുമിയലാതെ വിശ്വാസജീവിതം
കാത്തിടാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org