ഇഷ്ടദാനം

ഇഷ്ടദാനം

ഡോ. കെ.എം. മത്തായി

ഹേറോദേസത്യാഹ്ലാദ-
മഗ്നനായ് നിനയ്ക്കാത്ത
നേരത്തു സവിധത്തില്‍
യേശു വന്നണഞ്ഞപ്പോള്‍
ഒന്നു കാണുവാനെത്ര
കൊതിച്ചൂ – ജനിച്ചിട്ടി-
ല്ലിന്നോളമിതുപോലൊ-
രത്ഭുതപ്രവര്‍ത്തകന്‍
വൈദികവരേണ്യന്മാ-
രപരാധിയായ്ക്കൊണ്ടു-
വന്നിരിക്കുകയല്ലോ
വിധി കേള്‍ക്കുവാനിപ്പോള്‍
ന്യായേശനുള്ളില്‍ക്കണ്ടു
-തനിക്കു കാണാനൊക്കും
നേരിലിന്നിവന്‍ കാട്ടു-
മത്ഭുതമെന്തെങ്കിലും
അതുവച്ചാല്‍ നീതി-
പീഠത്തിലിരുന്നു കൊ-
ണ്ടുതിര്‍ത്തു കുറെച്ചോദ്യ-
മേശുക്രിസ്തുവിന്‍ നേരെ.
ക്രൂശിലേറ്റുവാന്‍ പോരും
കുറ്റങ്ങളാരോപിച്ചും-
കൊണ്ടു ചുറ്റിലും നിന്നു
ശത്രുക്കള്‍ തുളളുമ്പോഴും.
അക്ഷരം മിണ്ടീലവന്‍
നിത്യനിര്‍മ്മലന്‍ സ്വന്തം
രക്ഷയ്ക്കായ്, ഹേറോദേസീ-
യത്ഭുതം കണ്ടോപോലും.
ചോദിച്ചീലെന്നാകിലു-
മുള്ളിലെയഭിലാഷം
സാധിച്ചു കൊടുക്കുവോ-
നല്ലോയിദ്ദയാനിധി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org