അക്കങ്ങളുടെ ജപമാല

അക്കങ്ങളുടെ ജപമാല

ജോസ് മഴുവഞ്ചേരി

ജീവിതത്തിന്‍ കര്‍മകാണ്ഡം ആരോഗ്യത്തില്‍ കഴിഞ്ഞീടാന്‍
ഈ വിധത്തില്‍ ക്രമമൊന്ന് പാലിച്ചീടുക.
അക്കംകൊണ്ട് മണികെട്ടി ജപമാലയാക്കീ നിങ്ങള്‍
മക്കളേയും പഠിപ്പിക്കൂ, ചിട്ടതെറ്റാതെ.
ഒന്‍പതെന്ന നവരത്നം ചില്ലു ഗ്ലാസിന്‍ കണക്കത്രെ
അന്‍പെഴുന്ന ജലം ദിനമാചരിക്കുവാന്‍.
എട്ടിന്‍ മണി സൂചിപ്പിപ്പൂ ശയനത്തിന്‍ ദേവി നമ്മെ
കട്ടിലിന്മേല്‍ നിദ്രയേകി സുഷുപ്തിയേകാന്‍.
ഏഴിന്‍കണം നല്‍കീടുന്നു യേശുവിന്‍റെ ദിവ്യഭോജ്യം
ആഴ്ചയിലെ ഓരോ ദിനം ദേവാലയത്തില്‍.
ആറിന്‍ മുത്ത് മന്ത്രിക്കുന്നു കാര്യാലയേ പോയീടുക
മുറിയാതെ ജോലിതന്നില്‍ നിരതരാകൂ.
അഞ്ചിന്‍ സൂനം ചൊല്ലീടുന്നു അഞ്ചക്കത്തില്‍ കുറയാത്ത
മൊഞ്ചുകൂടും സമ്പാദ്യത്തിന്‍ ചിട്ടി ചേര്‍ന്നീടൂ.
നാലിന്‍മലര്‍ വിരിയുന്നൂ യാത്രയതില്‍ സകുടുംബം
നാലുദിനം വര്‍ഷമൊന്നില്‍ ചെലവഴിക്കൂ.
മൂന്നിന്‍ പുഷ്പം പ്രചോദിപ്പൂ വായനയില്‍ വ്യാപരിക്കാന്‍
പിന്നീടുള്ള മണിക്കൂറില്‍ ടി.വി. കണ്ടോളൂ.
രണ്ടിന്‍ പ്രാവ് കുറുകുന്നു രണ്ടാണ് നാം ദാമ്പത്യത്തില്‍
വണ്ടും പൂവും പോലെ നിങ്ങള്‍ സല്ലപിച്ചാലും.
ഒന്നിന്‍ മല്ലി ചൊല്ലീടുന്നു വ്യായാമമോ നടത്തമോ
എന്നും ചെയ്വൂ ഒരുയാമം മുടങ്ങീടാതെ.
പൂജ്യം എന്ന മധു ചൊല്‍വൂ സീറോ പെഗ് കഴിച്ചെന്നാല്‍
പൂജ്യരാകും നിങ്ങള്‍ വീട്ടില്‍, നാട്ടിലെമ്പാടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org