കാലിത്തൊഴുത്തിലെ

കാലിത്തൊഴുത്തിലെ
Published on

മാത്യു ഒരപ്പാങ്കല്‍

കാലിത്തൊഴുത്തിലെ പുണ്യമെ
കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍
മണ്ണിനു വിണ്ണിന്‍റെ ശോഭയായ്
മാലോകര്‍ക്കാനന്ദ സായൂജ്യമായി.

മതാന്ധകാരം നിറയുമീ ഭൂവില്‍
കനിവിന്‍റെ നാഥനായ് പിറന്നു നീ
മാലാഖമാര്‍ പാടിയ പാട്ടിന്‍റെ മാധുര്യം
എന്നാത്മാവിലും മധുവായി ചൊരിഞ്ഞു.

ആ ദിവ്യഗാനത്തിന്‍ ശീലുകള്‍
ബെത്ലഹേമിലെ കുഞ്ഞിളം കാറ്റുമേറ്റുപാടി
കളകളനാദം പൊഴിച്ചൊരായിരം കുഞ്ഞി
ക്കിളികളും പാടി നാഥനെ സ്തുതിപ്പൂ.

മന്നവരെത്തി സ്തുതിച്ചിട്ടവരര്‍പ്പിച്ചു
തിരുമുല്‍ക്കാഴ്ചകള്‍ താണുവണങ്ങിയാ
തൃപ്പാദങ്ങള്‍ ഉമ്മവച്ചോമനിച്ചവര്‍
നാഥന്‍റെ പാദം നമിച്ചു നില്പ്പൂ

മാലോകര്‍ക്കെല്ലാമാനന്ദമേകുന്ന
പൊന്‍മണിമുത്തേ വാഴ്ത്തിടട്ടേ ഞാന്‍
ഇടയരെ നമിച്ചൊരാ ദിവ്യതാരമേ
നയിക്കൂ എന്നെയുമാ പുല്‍ക്കൂട്ടിലെത്താന്‍

പാപിയാണെങ്കിലും പാഴാക്കാതെയിനിയുമെന്‍
നാളുകള്‍ നല്കിടാം ഞാന്‍ നിനക്കായ്
ഒരുക്കട്ടെ ഞാനുമൊരു പുല്‍ക്കൂട്
എന്‍ഹൃത്തില്‍ വന്നു നീ വസിക്കാന്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org