കല്പനച്ചിറകില്‍

കല്പനച്ചിറകില്‍

ജോയ് കാട്ടിത്തറ

(ഈണം: കാട്ടിലെ മാനിന്‍റെ തോല്…)

ഞാനെന്ന വ്യക്തിയെ വ്യക്തമായ് കണ്ട്-
ഞാനുമെന്‍ ദൈവമകനെന്നറിഞ്ഞ്;
ഞാനുമാ ദൈവമാം 'ഞാനു'മൊന്നായി
ഞാനെന്നൊരൊറ്റ 'ഞാന്‍' മാത്രമാകേണം.

ദൈവവുമായി ഞാന്‍ ചേര്‍ന്നലിഞ്ഞീടുമ്പോള്‍;
ദൈവമല്ലാതൊന്നുമില്ല ഭൂവില്‍.
പിന്നെയുമെന്തിനുണ്ടാക്കുന്നു പൊന്നേ നീ-
പൊള്ളയായുള്ളൊരു വിഗ്രഹങ്ങള്‍?

'ജീസസ്സി'ടിച്ചു മരിച്ചു കിടപ്പൂ;
കൃഷ്ണന്‍റെ ചായക്കടയ്ക്ക് മുന്നില്‍!
തട്ടിപ്പും, വെട്ടിപ്പുമുള്ളിടത്തെന്‍റെ പേര്‍-
ഇട്ടു നീ ചീത്തയാക്കുന്നതെന്തേ?

സൂര്യന്‍ ഉദിക്കുന്നതില്‍ മുന്നെയുള്ളൊരു-
ആദിയുമന്ത്യവുമായവന്‍ ഞാന്‍.
ഉണ്ടാവണമെന്നുമുള്ളിലാത്മീയമാം-
ചിന്തയില്ലെങ്കിലോ ശൂന്യമെല്ലാം.

മാതാപിതാ ഗുരു ദൈവമെന്നോതി;
സൂത്രത്തില്‍ കൂട്ടിലടയ്ക്കുന്നു നാം.
ചോരചൊരിഞ്ഞു വളര്‍ത്തിയോരെല്ലാം-
കാശിന്നു കൊള്ളാത്ത ജന്മങ്ങളോ?

കൊല്ലുന്നതില്ല ഞാന്‍ കോഴിയെപ്പോലും;
ക്വൊട്ടേഷനാണതിനുള്ള ഫാഷന്‍!
വാക്കിലും നോക്കിലും കീശനിറപ്പിലും;
കൊല്ലുന്നുവെന്നുമറിഞ്ഞീടണം.

കക്ഷത്തിരിപ്പതെടുക്കാതെയുത്തരം-
തപ്പിക്കളയുന്നു; കഷ്ടമല്ലേ?
കൈകളില്ലാതെ ഞാന്‍ കേഴുന്ന നേരത്ത്-
ചുണ്ടുനനയ്ക്കാന്‍ വിരല്‍ കാണുമോ?

സ്വാദേറെയുണ്ടപ്പമപ്പുറത്തുള്ളത്;
കൈപൊള്ളുമെന്നതറിഞ്ഞിടേണം.
കൈനനയാതുള്ള മീന്‍പിടുത്തത്താലെ;
അടിയെണ്ണി കുത്തിയിരുന്നീടണോ?

സാക്ഷികളൊത്തിരിയുണ്ടല്ലോയെന്‍റീശോ;
കാലുമാറും ചിലര്‍ കൂറുമാറും.
കാശിനു കാലുപിടിക്കുവാന്‍ വേറെയും;
സത്യമതിന്നും കുരിശിലാണോ?

ചക്കരയുണ്ടെന്നാല്‍ കയ്യിട്ടു നോക്കുവാന്‍-
ചങ്ക് പട പട കൊട്ടീടുമ്പോള്‍;
നാട്ടുകാര്‍ കൂടി പുറത്ത് പെരുമ്പറ-
കൊട്ടാനിട വരുത്തീടരുതേ.

ഞാന്‍ പൂര്‍ണ്ണമായ് മാറി ദൈവത്തെ നോക്കിടില്‍;
ദൈവമെന്‍ മേനി പുണര്‍ന്നിടുമേ!
പിന്നെ തിരിഞ്ഞു ഞാന്‍ ചുറ്റും തിരഞ്ഞാലും;
എന്നെയല്ലാതൊന്നും കാണുകില്ല!

വേലികളില്ലാത്ത സ്നേഹകൂടാരം പോല്‍-
ഈ ഭൂമി സ്വര്‍ഗ്ഗമായ് മാറുമല്ലോ!
ആ സ്നേഹസാമ്രാജ്യ ശില്പികളാകാന്‍-
കൈകോര്‍ത്തിടാമെന്‍റെ കൂട്ടുകാരേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org