കന്യാജന്മം

കന്യാജന്മം

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

കാലംകൊതിനുള്ളി നോക്കിനില്‍ക്കും,
കന്യകാജന്മമേ, മേരിമാതേ,
കല്മഷമേശാത്ത ജീവിതത്താല്‍-
കമനീയമാക്കി നീ പാരിടത്തെ.

കര്‍ത്താവിന്നമ്മയായ്ത്തീര്‍ന്നിടുവാന്‍-
കനകഭാഗ്യം വന്ന നാളുകളില്‍,
കുന്നുകള്‍താണ്ടിയെലിസബത്തിന്‍-
കുടിലിലങ്ങെത്തി നീ പരിചരിക്കാന്‍!

കരളില്‍സഹജര്‍ക്കുനേരെയുള്ള-
കരുതല്‍ നിറച്ചുതിടുക്കമോടെ,
കരവല്ലികള്‍ നീട്ടിസേവനത്തിന്‍-
കച്ചയുംകെട്ടി നീ യാത്രചെയ്തു.

കരയുന്ന മിഴിയോരമൊപ്പിടാനും,
കദനക്കനലുകള്‍കെടുത്തിടാനും,
കഷ്ടതകള്‍കഴുകീടുവാനും,
കാഞ്ചനനദിയായൊഴുകിയെങ്ങും!

കുഴിയതില്‍ മാത്രമൊതുങ്ങിനില്‍ക്കും-
കൂപമായ്മാറാതെസോദരര്‍തന്‍-
കൂട്ടാളിയായ്ദുഃഖവേളകളില്‍
കൂടെയൊഴുകിസരിത്തുപോല്‍നീ.

കാനായിലെന്നപോലാശ്രിതര്‍ തന്‍-
കഷ്ടങ്ങളില്‍ ക്ഷണംകൂടാതെ നീ,
കാരുണ്യമോടേകടന്നുചെന്നു,
കാണിച്ചുപരിഹാരമാര്‍ഗ്ഗങ്ങളും

കരുണാര്‍ദ്രയാം നിന്‍റെ സന്നിധിയില്‍-
കുറവുകളാരുമറിഞ്ഞതില്ല.
കടലോളം കനിവുള്ളകൈക്കുമ്പിളില്‍-
കൊതിതീരെയേവരുംകൃപനുകര്‍ന്നു!

കര്‍ത്തനാം ദൈവത്തിന്‍റൂഹതന്‍റെ-
കൂടാരമായന്നുമാറ്റിയപ്പോള്‍,
കാതുകള്‍ക്കൊക്കെയുമിമ്പമേകാന്‍-
കഴിവുള്ള നാദമായ് നീ നിറഞ്ഞു!

കര്‍ണ്ണാമൃതമാം നിന്‍ മധുരസ്വരം
കേള്‍ക്കവേയേലീശ്വാതന്നുദരേ-
കുഞ്ഞുപോലുംകുതിച്ചൊന്നുചാടി
കൈവന്നയാനന്ദനിര്‍വൃതിയാല്‍!

കരുത്തനാമീശനീധരണിയില്‍ നിന്‍-
കൊച്ചായുസ്സില്‍ ചെയ്ത വന്‍നന്മകള്‍,
കീര്‍ത്തിച്ചു നന്ദി തന്‍ മോഹനമാം-
കാവ്യമായ്മാറ്റി നീ ജീവിതത്തെ!

കണ്ടകസമമായവാക്കുകളാല്‍-
കുത്തിനോവിച്ചില്ലയാരെയും നീ.
കിളിമൊഴിയാള്‍ നിന്‍റെ മഞ്ജുനാദം-
കണ്ണീരകറ്റുന്നൊരൗഷധമായ്!

കായാമ്പൂനിറമെഴുംവീണ്‍നദിയേ,
കിന്നരംതോല്ക്കുന്നമധുനാദമേ,
കന്യാമറിയമേ, നിന്നെയെന്നും-
കാലംകൊതിനുള്ളി നോക്കിനില്‍ക്കും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org