കടലെടുത്തു കൊണ്ടുപോയ ക്രിസ്തുമസ്

കടലെടുത്തു കൊണ്ടുപോയ ക്രിസ്തുമസ്

കവിത

നിബിന്‍ കുരിശിങ്കല്‍

ഈ വര്‍ഷം
ആ കടല്‍ത്തീരത്തെ വീടുകള്‍ക്ക്
ഉമ്മറത്ത്
നക്ഷത്രങ്ങള്‍ ചിരിക്കില്ല.
കഴിഞ്ഞ വര്‍ഷം കസേരപ്പുറത്ത് കയറി
അപ്പന്‍ തൂക്കിയിട്ട നക്ഷത്രത്തെ ഓര്‍ത്ത്
കുഞ്ഞുങ്ങളുടെ കണ്ണുകള്‍
നിറഞ്ഞു കൊണ്ടേയിരിക്കും
പതിവ് തെറ്റിച്ച്
മത്തിക്ക് പകരം
കെട്ട്യോന്‍ കൊണ്ടുവന്ന ഏരി
പുളിയിട്ട് വച്ചതിന്‍റെ ഓര്‍മ്മയില്‍
ഭാര്യമാര്‍ ഏങ്ങലടിച്ചു കൊണ്ടേയിരിക്കും
പാതിരാക്കുര്‍ബ്ബാനയ്ക്ക് പോകുന്ന
കടപ്പുറത്തെ പെണ്ണുങ്ങള്‍ക്ക്
ഈ വര്‍ഷം
വെളുത്ത സാരിയായിരിക്കും
സിമിത്തേരിയിലെ
പുതുകല്ലറകള്‍ക്കുള്ളിലേക്ക് മറഞ്ഞ
ആണുങ്ങളുടെ നെഞ്ചിനു മീതെ
കൈക്കുടന്ന നിറയെ
ചെമ്പക പൂക്കളുമായ്
പെണ്ണുങ്ങള്‍ ഒറ്റപ്പെടലിന്‍റെ പുല്‍ക്കൂട് തീര്‍ക്കും
ഉണ്ണി പിറക്കാന്‍ കാത്തിരുന്നവരേക്കാള്‍
കടല്‍ത്തീരം ഇപ്പോഴും
കാത്തിരിക്കുന്നത്
കടലിലേക്ക് പോയ ആണുങ്ങളുടെ
തിരിച്ചു വരവിനായാണ്.
കോടിയുടുപ്പ് കൊതിക്കുന്ന
കുഞ്ഞുങ്ങളുടെ കാതില്‍
അമ്മമാര്‍ സങ്കടത്തോടെ പറയും
ഈ വര്‍ഷം 'നുമ്മക്ക്'
ക്രിസ്തുമസില്ല
ഓണമില്ല
പെരുന്നാളുമില്ല.

എന്‍റെ ഈ എഴുത്തുപുരയില്‍ നിന്നും ഈ കടല്‍ത്തീരങ്ങള്‍ ഏറെ അകലെയാണെന്നറിയാം. ഈ കടലാസ് കൊണ്ട് അവരുടെയാരുടെയും കണ്ണീരൊപ്പാനാവില്ലെന്നുമറിയാം. എങ്കിലും, ഭൂമിയിലെ എല്ലാ ദേവാലയങ്ങളിലും അമ്പലങ്ങളിലും മോസ്കുകളിലും നിന്ന് കരച്ചിലിന്‍റെ കടല്‍ത്തീരങ്ങളിലേക്ക് താമസം മാറിയിരിക്കുന്ന ദൈവങ്ങളേ… അപ്പനെ ഓര്‍ത്ത് കരയുന്ന കുഞ്ഞുങ്ങളുടെയും, ആണിനെയോര്‍ത്ത് വിലപിക്കുന്ന പെണ്ണുങ്ങളുടെയും കാതില്‍ നിങ്ങള്‍ പറയണേ… അകലെയിരുന്നു ഞങ്ങളവരെ സ്നേഹിക്കുന്നുണ്ടെന്ന്… അവര്‍ക്കായ് നിങ്ങളോട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന്…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org