ചിതയെടുക്കുന്ന ഗുരുത്വം

ചിതയെടുക്കുന്ന ഗുരുത്വം

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, തൃശ്ശൂര്‍

മാതാപിതാ ഗുരു ദൈവമെന്നത്
വെറുമൊരു പഴങ്കഥയാകുന്ന കാലത്ത്
ഗുരുവിനെ തേടിയലഞ്ഞവസാനം
എത്തിയതോ ഗുരുവിന്‍റെ ചിതയില്‍

അന്വേഷിച്ചപ്പോഴെത്തിയ നിഗമനത്തില്‍
സദാചാരവാദിയും ധാര്‍ഷ്ട്യക്കാരിയും
കാര്‍ക്കശ്യക്കാരിയും ഇതിനൊക്കെയപ്പുറം
മുന്‍ ശുണ്ഠിക്കാരിയുമാണത്രേ ഗുരു

മദ്യക്കുപ്പിയുമായി ക്ലാസ്സില്‍ വന്നവരെ
ടീച്ചര്‍ അകാരണമായി വഴക്കു പറഞ്ഞത്രേ.
വിദ്യാര്‍ത്ഥിനിയെ കയറി പിടിച്ചപ്പോള്‍
ഒരു വട്ടം രക്ഷിതാക്കളെ വിളിപ്പിച്ചത്രേ

വാര്‍ഷികത്തിനടിയുണ്ടാക്കിയവനെ
ഓഫീസില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്രേ
പരീക്ഷയില്‍ കോപ്പിയടിച്ചത് ചോദ്യം ചെയ്തതും
ക്രിമിനല്‍ കുറ്റകൃത്യ പരിധിയില്‍ വരുമത്രേ

ശരിയല്ല ടീച്ചര്‍, ടീച്ചറീ കാണിച്ചത് മണ്ടത്തരം
ചെറിയ തെറ്റല്ലയത് നൂറു ശതമാനം തെറ്റ്
ടീച്ചറവിടെയ്ക്കൊരിക്കലും പോകരുതായിരുന്നു
പോയാലും അവിടേക്ക് നോക്കരുതായിരുന്നു.

ഇനി നോക്കിയാലും ഇടപെടരുതായിരുന്നു.
ഇതൊക്കെയങ്ങ് കണ്ടില്ലെന്ന് വെച്ചൂടെ
മാത്രമല്ല; ആപേക്ഷികതയുടെയീകാലത്ത്
ടീച്ചര്‍ ചെയ്തതിലല്പം പോലും ശരിയുമില്ല

അപ്പോള്‍ പിന്നെ ശരിയെവിടെ?
അതു തേടിയുള്ള യാത്രകള്‍ തുടരട്ടെ!!
പുതിയ ശരിയുടെ പ്രബന്ധങ്ങള്‍ വരട്ടെ !!
പക്ഷേ ചിതകളെരിഞ്ഞു തീരാതിരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org