കരുണാസാ​ഗരം-ദൈവപിതാവ്

കരുണാസാ​ഗരം-ദൈവപിതാവ്

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല

വൃത്തം : കേക

ബൈബിളില്‍ തെളിഞ്ഞിടും ദൈവപിതാവിന്നുടെ
ബിംബങ്ങള്‍ കരുണാര്‍ദ്രം, കരുണാസാഗരം താന്‍.
ഏദനില്‍ തുടങ്ങുന്നു മര്‍ത്ത്യനുവേണ്ടിയുള്ള
ഏറിയ കരുതലും കാരുണ്യപ്രവാഹവും.
എത്രയും മോദമാര്‍ന്ന പൂവാടി സജ്ജമാക്കി
എത്രയും ധൂളിയായ മാനുഷസൃഷ്ടികള്‍ക്കായ്
സാത്താന്‍റെ കൂടെക്കൂടി സ്രഷ്ടാവേ ചതിച്ചല്ലൊ
മര്‍ത്ത്യന്‍റെയഹങ്കാര,മെന്നാലും ക്ഷമിക്കുന്നു.
വാഗ്ദാനം ചെയ്തീടുന്നു കൈവല്യസിദ്ധിക്കായി
വചനംതന്നെ യഥാകാലത്തിലെത്തുമെന്ന്.
കാലത്തിന്‍പ്രയാണത്തില്‍ നോഹയുമെബ്രാഹവും
കൂടാതെയിസഹാക്കും, ഇസ്രായേല്‍ ജനങ്ങളും
പിതാവാം ദൈവത്തിന്‍റെ കാരുണ്യം നുകര്‍ന്നല്ലൊ
പൈതൃകസ്വത്തുപോലെ വിഷമസന്ധികളില്‍.
ഫറവോ രാജാവിന്‍റെ പീഢകളോരോന്നുമേ,
ഒരിക്കല്‍പോലുമോര്‍ക്കാനാവതില്ലൊരുനാളും
മണലാരണ്യവാസം നാല്പതു സംവത്സരം
മരണംതന്നെവിധിയെന്നല്ലെയുള്ളില്‍തോന്നൂ.
മന്നയും കാടയുടെ മാംസവും കുടിനീരും
മൃഷ്ടാന്നമായിത്തന്നെ ലഭിച്ചൂ മരുഭൂവില്‍
വാത്സല്യജനത്തിന്‍റെ കണ്ണീരിലലിഞ്ഞല്ലൊ
താതന്‍റെ മനം, ഹിമം അര്‍ക്കരശ്മിയില്‍പോലെ
കാലങ്ങള്‍ കഴിഞ്ഞിപ്പോള്‍ ജനത്തിന്‍ രക്ഷയ്ക്കായി
കാരുണ്യം നമ്മള്‍ക്കേകി സക്രാരിയതിനുള്ളില്‍
ദിവ്യകാരുണ്യമായി, വചനം മാംസമായി ദിവ്യത്വം
മര്‍ത്ത്യനേകാമെന്നൊരുദൂതുമായി
രക്ഷകനീശോയിതാ കണ്‍മുമ്പില്‍ വസിക്കുന്നു
രക്ഷതന്‍ മാര്‍ഗ്ഗേയെന്നും മര്‍ത്ത്യനെ നയിക്കുവാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org