ഇതോ ദൈവനാട്?

ഇതോ ദൈവനാട്?

ഷീല ജോര്‍ജ്ജ് മണവാളന്‍, അയിരൂര്‍

പണ്ടൊരു നാട് ദൈവത്തിന്‍ നാട്
പാരില്‍ പറുദീസയല്ലിന്നീനാട്
പങ്കിലം പാപപങ്കിലം സര്‍വ്വം
പറയുവാന്‍ ഹേതുവെന്തേ കൂട്ടരെ

പിഞ്ചുകുഞ്ഞില്‍ രതി ആസ്വദിക്കും
പകരക്കാരന്‍ നിരപരാധിയെ ഉരുട്ടും
പച്ചമനുഷ്യരെ ആള്‍ക്കൂട്ടക്കൊല ചെയ്യും
പകവീട്ടും നീചര്‍ വിചാരിപ്പൂവിടെ

പ്രണയത്തിന്‍പൂമൊട്ടുകളെ
പാതിതല്ലിക്കൊഴിച്ചുവീഴ്ത്തും
പാപികള്‍ പ്രാകൃതരെന്ത് പാഠം
പഠിപ്പിപ്പൂ നിങ്ങളിവരെയിന്ന്

പാവന ഗോക്കള്‍തന്‍ പേരില്‍
പതിതരെ ചതച്ചൊതുക്കീയിവര്‍
പലായനം ചെയ്തേ നാട്ടുകാര്‍
പകല്‍കാഴ്ച കണ്ടു മൗനംനില്പൂ

പീഢനത്താല്‍ പിച്ചിച്ചീന്തപ്പെടവെ
പെണ്‍ജന്മത്തെ ചവിട്ടിമെതിച്ചൂ
പാതിജീവച്ഛവമായോര്‍ക്കിനി
പരിണയമൊന്ന് വിഫലമല്ലേ

പ്രായമായോരെ പഴന്തുണിയായ്തള്ളീ
പുതുതലമുറമാന്യര്‍ പണക്കൊഴുപ്പുകാര്‍
പെരുമയ്ക്കായ് ദാനധര്‍മ്മമേകുന്നുവോ
പാമ്പോപഴുതാരയോപോല്‍ മനുജരെ

പതിവായ്കൊല ചെയ്തൊടുക്കുവോരെ
പ്രാണനെടുക്കുമധികാരമാര് തന്നൂ
പ്രാണനേകിയോന്‍ പകരം വീട്ടീടുമേ
പുഴയുമാറും മണലുമൂറ്റിയെടുക്കവെ

പാറയും മണ്ണും മലയുമിടിച്ച് തകര്‍ക്കവെ
പൊട്ടിക്കരഞ്ഞുവീണുടഞ്ഞുകേണൂ
പൊറുതിമുട്ടിപൊട്ടിത്തെറിച്ചൂഭൂമിയമ്മ
പേറുവോര്‍തന്നുടെ ചുടുനിശ്വാസം

പെട്ടെന്നുയര്‍ന്നു നാള്‍ക്കുനാള്‍ മേഘമായി
പൊറുക്കാനാകാതെ ക്രൂദ്ധനായ് താതനീശന്‍
പെയ്തൊടുക്കീ തന്നുടെ രോഷമാരി

പ്രകൃതിയിലെങ്ങുമേ മഴപെരുകീ
പ്രളയജലമെത്തീ ഗുണപാഠമായ്
പ്രാര്‍ത്ഥിച്ചൊരുങ്ങേണ്ടുംവേളയായ്
പ്രളയക്കെടുതിയില്‍ ജനമെത്രയെന്നറിയുക, മക്കളെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org