പിരിയില്ല ഞാൻ

പിരിയില്ല ഞാൻ

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

അരുമപിതാവിന്‍റെ ഭവനം വെടിഞ്ഞു ഞാന്‍-
ദൂരെയലഞ്ഞുവലഞ്ഞിടുമ്പോള്‍,
ഒരുവേള പൊയ്പോയ താതന്‍റെയന്‍പിനായ്-
മരുവിലിരുന്നു കൊതിച്ചിടുമ്പോള്‍,
ഉരുകുന്ന കരളുമായിടറുന്ന പാതയില്‍
തിരികെ വരാനുള്ളൊരിടമേ,
കരുണമേല്‍ പണിതൊരു പുണ്യകൂടാരമേ,
പരിരഞ്ജനത്തിന്‍റെ കൂദാശയേ,
പിരിയില്ല ഞാന്‍ നിന്നെയൊരുനാളിലും…

കരുതിയതൊക്കെയും തെരുവില്‍ മുടിച്ചു ഞാന്‍-
ദുരിതങ്ങളിലാഴ്ന്നുപോയിടുമ്പോള്‍,
എരിയുന്ന മനവുമായൊരു സാന്ത്വനത്തിനായ്,
തിരയുന്നയശാന്തയാമങ്ങളില്‍,
ശരണമില്ലാതെ ഞാനൊടുവിലാ പാവന-
ചരണപത്മങ്ങളില്‍ വീണിടുമ്പോള്‍,
ഇരുകൈകളും വിരിച്ചെന്നെപ്പുണര്‍ന്നിടും,
പരമപിതാവിന്‍റെ തിരുഗേഹമേ,
പിരിയില്ല ഞാന്‍ നിന്നെയൊരുനാളിലും…

അരുതാത്തവയ്ക്കൊക്കെനടുവില്‍ക്കരഞ്ഞു ഞാന്‍-
മരുവുന്ന നൈരാശ്യനേരങ്ങളില്‍,
പെരുകുന്ന പാപങ്ങളാലെന്‍റെ മാനസം-
ഇരുളാര്‍ന്നു വിങ്ങിക്കഴിഞ്ഞീടവേ,
നേരിന്‍ വെളിച്ചമില്ലാതെയെന്നാത്മാവ്-
മുരടിച്ചുണങ്ങിത്തുടങ്ങീടവേ,
നിരുപാധികം പൊറുത്തെന്നില്‍ പ്രതീക്ഷതന്‍-
തിരിതെളിച്ചീടുന്ന കൂദാശയേ,
പിരിയില്ല ഞാന്‍ നിന്നെയൊരുനാളിലും…

കുരിശിന്‍റെ വീഥിയില്‍ തളരാതെ നിര്‍ഭയം-
നിരതമീ ഭൂവില്‍ നടന്നീടുവാന്‍,
നരകാഗ്നിയില്‍പ്പെടാതെന്നാത്മയാനമാ-
സുരലോകതീരത്തണഞ്ഞീടുവാന്‍,
പരിഹാരകര്‍മ്മങ്ങളാലെന്‍റെ ഹൃത്തടം-
വൈരശോഭിതമായി മാറീടുവാന്‍,
വരദാനമേകുന്ന ദിവ്യറൂഹായൊരു-
അരുവിയായൊഴുകുന്ന കൂദാശയേ,
പിരിയില്ല ഞാന്‍ നിന്നെയൊരുനാളിലും…

പുരുഷനല്ലൊരുപുരോഹിതനല്ല, പിന്നെയോ,
നരരുടെ പാപം പൊറുക്കുവാനായ്-
ധരയിതില്‍ ശിഷ്യരെ നിയമിച്ചയച്ചൊരാ-
നിരവദ്യസ്നേഹമാമേശു തന്നെ-
പരിശുദ്ധകുമ്പസാരക്കൂട്ടിലുണ്ടെന്ന്-
ശരിയായറിഞ്ഞു ഞാന്‍ വിശ്വസിപ്പൂ.
ആരൊക്കെ നിന്ദിച്ചു തള്ളിപ്പറഞ്ഞാലും,
കാരുണ്യമൂറുന്ന കൂദാശയേ,
പിരിയില്ല ഞാന്‍ നിന്നെയൊരുനാളിലും…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org