വിടതരൂ പ്രിയസഖി

കവിത

ഏ.കെ പുതുശ്ശേരി

മരിച്ചു കിടക്കുന്നു ഞാന്‍
എന്‍ ജഢമൊരുപെട്ടിയില്‍
പുരമുറ്റത്തൊരു വാടക മേശമേല്‍ വച്ചു
ഇരുപുറവും ബഞ്ചുകളിട്ടതിന്മേലേതാനും
കരയും നാരികളിരിപ്പെന്നോട് ബന്ധപ്പെട്ടോര്‍
ഇരുമെഴുകുതിരികളെന്‍ തലയുടെ പിന്നില്‍
നിരത്തിക്കുത്തി കത്തിച്ചതിനു നടുവിലായ്
മരക്കുരിശില്‍ തൂങ്ങുമേശുവിന്‍റെ രൂപവു-
മൊരുക്കി, ശുഭ്രവസ്ത്രവുമണിയിച്ചെന്നെ കിടത്തി
നിറമിഴികളോടെന്‍ പ്രിയസഖി ഓരോന്നെണ്ണിയെണ്ണി
കരയുവതാത്മാവുമേലെ നിന്നുകാണ്‍മൂ
മരിച്ചാല്‍ പിന്നൊന്നുമറിയുകയില്ലെന്നു
ധരിച്ചോനല്ലെയോ ജീവിച്ചിരിക്കേ ഞാന്‍
മരിച്ചതെന്‍ ശരീരം മാത്ര മാത്മാവ് വായുവില്‍
തരിച്ചും തുടിച്ചും നിന്നു കാണുന്നു സര്‍വവും
പലരുംവന്നു പരുക്കന്‍ ശബ്ദത്തിലും സഹതാപത്തിലും
പലതും ചൊല്ലി ചുറ്റിപ്പറ്റി ആളെക്കാട്ടി
കിതപ്പാറും മുന്‍പ് കാര്യം തീര്‍ത്തമട്ടില്‍ കടന്നു
ചിലരോ ജീവിച്ചിരിപ്പോരെ പ്രീണിപ്പിക്കാന്‍
ചെലവാക്കി കാശ് "റീത്തു" വാങ്ങി പെട്ടിമേല്‍ വച്ചു
അരുതേ വയ്ക്കരുതേ പുഷ്പചക്രം ജഢത്തിന്‍മേലേ
അക്കാശുകൊണ്ടരിവാങ്ങി വിശക്കുവോര്‍ക്കേകണം
ജീവിച്ചിരിക്കേ റീത്തിനെതിരായി പോരാടിയോന്‍ ഞാന്‍
മരിച്ചപ്പോഴെല്ലാം മറന്നു പേരുകാണിക്കാന്‍ വേണ്ടി
ചോദിക്കുന്നു ചിലര്‍ പത്രത്തില്‍ കൊടുത്തീലയോപടം
ഖേദിക്കേണ്ട നമ്മളേറ്റെന്നു ചൊല്ലി സ്ഥലംവിട്ടുമാന്യര്‍
അറിയാമെനിക്കിവരെയൊക്കെ എന്നെ തഴഞ്ഞവര്‍
പറയാന്‍ വയ്യ അതിനാലാക്രോശിക്കുന്നില്ല ഞാന്‍
വെറുത്തോര്‍ കാലുവാരിയോര്‍, ഭാവി
തടുത്തോരെല്ലാം വന്നു പുകഴ്ത്തി പറയുന്നു
വരുത്തുന്നു ചിലര്‍ കണ്ണുനീര്‍ ഗ്ലിസറിന്‍ തടവി
ചുരത്തുന്നു ഖേദം മൊഴിമാറ്റി സ്തുതികളായ്
കഠിനഹൃദയനെ അയല്‍ക്കാരന്‍ എന്നെ ദ്രോഹിച്ചവന്‍
ഝടതി പാഞ്ഞെത്തി ചുറ്റും നോക്കി കണ്ണീര്‍ വരുത്തി
അനുശോചനം ചൊല്ലി വിലപിച്ചന്യര്‍ കാണാന്‍
അലമുറയിട്ട് ഗദ്ഗദം വരുത്തി ശ്രദ്ധനേടി
ചിരിക്കുന്നെത്മാവ് ഹായീമാന്യന്‍റെ മുഖംമൂടി –
വലിച്ചുകീറാനിപ്പോള്‍ സാധ്യമല്ലല്ലോ കഷ്ടം
എല്ലാമറിയുന്ന പുരോഹിതന്മാര്‍ വന്നു
നല്ലവാക്കോതി ആത്മശാന്തിനേര്‍ന്നു
പള്ളിസിമിത്തേരിലേക്കെടുത്തു നീങ്ങുമ്പോഴും
ഉള്ളംപൊട്ടികേഴുന്ന പ്രിയയേ കാണുന്നു ഞാന്‍
നഷ്ടം വന്നതവള്‍ക്കുമാത്ര-
മിഷ്ടക്കാര്‍ക്കെന്തു ചേതം
കഷ്ടം വച്ചും മൂക്കുചീറ്റി വിലസ്സാനൊരവസരം
ദുഃഖമുണ്ടെനിക്കേറെ എന്‍റെ പൊന്നോമലേ കൈവിട്ടി-
ട്ടിത്രയും വേഗം കടന്നുപോകുന്നതില്‍ മാത്രം
ഒക്കെയും സഹജം മരണദൂതനേതുരൂപവും പേറാം
ചിക്കെന്നു പാഞ്ഞു ലോറിയായ് വന്നല്ലോ എന്നെ വീഴ്ത്തി
ഉണ്ടെനിക്കേറെ ചൊല്ലുവാന്‍ സാന്ത്വനം പക്ഷെ
ചുണ്ടെനിക്കില്ല ആവിയായ് വായുവില്‍ നില്‍ക്കുന്നു ഞാന്‍
വിടചോദിക്കുന്നു ഞാന്‍ പ്രിയ സഖീ നിന്നോടു മാത്രം
കടമെനിക്കില്ല മറ്റാരോടും… ഇനിവരില്ല വീണ്ടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org