കുരിശിലെ മുദ്ര

കുരിശിലെ മുദ്ര

പി.ജെ. ചാക്കോ പുരയ്ക്കല്‍, തോട്ടക്കര

ചുറ്റികയടിക്കുന്ന ശബ്ദമാ കേള്‍ക്കുന്നത്.
ചുറ്റിലും നിന്നോരുടെ അട്ടഹാസവും കേള്‍ക്കാം.
ഇത്തിരിയകലത്തില്‍ ഭക്തസ്ത്രീകളുമുണ്ട്.
പുത്രദുഃഖവും പേറി അമ്മയുമുണ്ട് അക്കൂട്ടത്തില്‍.
തയ്യലില്ലാത്തോരുടുപ്പുരിഞ്ഞു മാറ്റി
പിന്നെ പകുത്തു ലേലം വിളിച്ചെടുത്തു പങ്കിട്ടവര്‍
നഗ്നത മറയ്ക്കുവാന്‍ അല്പവസ്ത്രവും ചുറ്റി
തിരുവാക്കുകള്‍ ചൊല്ലിനിര്‍വൃതിയടഞ്ഞവര്‍
കുരിശിലുയര്‍ത്തിയ ദൈവപുത്രനെ നോക്കി
പരിഹസിച്ചീടുന്നു പ്രീശരും ചുങ്കക്കാരും
കുരിശില്‍ കിടന്നേശു തന്‍റെയാ ഉടമ്പടി
ഏഴു വാക്യങ്ങള്‍കൊണ്ടു മുദ്രവച്ചുറപ്പിച്ചു
മരണക്കിടക്കയില്‍ കിടന്നു കുറേ നേരം
പൂര്‍ത്തിയായെല്ലാമെന്ന വാക്യവും പൂര്‍ത്തിയാക്കി
പരമപിതാവിന്‍റെ പാര്‍ശ്വങ്ങളിലേയ്ക്കങ്ങ്
പറന്നുപോയി തന്‍റെ മിഴികള്‍ അടഞ്ഞുപോയ്
കാതുകള്‍ അടഞ്ഞുപോയ് പ്രപഞ്ചം നിശ്ചലമായ്
എന്തിനീവിധം യേശു കുരിശില്‍ മരിച്ചുവോ
ഇന്നുമീജനം വീണ്ടും കുരിശു പണിയുന്നു
കുരിശിന്‍ചുവട്ടില്‍ നിന്നുണങ്ങാറില്ല രക്തം
ചുറ്റികയടിയുടെ മാറ്റൊലി കേള്‍ക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org