കുരിശിലേയ്ക്കുള്ള ഏകാന്തദൂരം

കുരിശിലേയ്ക്കുള്ള ഏകാന്തദൂരം

അലീന ജേക്കബ് പാലത്തിങ്കല്‍, മാനന്തവാടി

പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ പൊലിഞ്ഞുപോയവര്‍ക്കായ്
ഗോല്‍ഗോത്തായില്‍ മാറുപിളര്‍ന്ന് ചിന്തിയത്
രക്തമല്ല… നിന്‍റെ വീണ്ടെടുപ്പാണ്.
ഒറ്റുകാരനും സ്നേഹത്തില്‍ മുക്കി ഒരപ്പക്കഷണം
നല്കിയപ്പോഴും നീ അറിഞ്ഞില്ല… നിന്‍റെ വീണ്ടെടുപ്പാണെന്ന്.
മുപ്പതുവെള്ളിത്തിളക്കത്തോടെ നീ നാഥന്
കുരിശിന്‍റെവഴി കാട്ടി നല്കി… അന്നും… ഇന്നും…
നിന്‍റെ കൈകള്‍ നിര്‍മ്മലമല്ല… നഗ്നമാണ്.
നിന്‍റെ നാവ് വിശുദ്ധമല്ല… അശുദ്ധമാണ്…
അന്നാപൂങ്കാവനത്തില്‍ രക്തത്തുള്ളിയായ്ത്തീര്‍ന്ന പ്രാര്‍ത്ഥന
ഇന്നീ മരുഭൂമിയില്‍ രക്തംപുരണ്ട വാള്‍ത്തലയായി മാറുന്നു.
അന്നൊഴിഞ്ഞ കാസയുമായി മടങ്ങിയ ദൂതന്‍
ഇന്നാ കാസയില്‍ തൊടാന്‍ വിറയ്ക്കുന്നു.
'മാറാനാത്ത' എന്ന് വിലപിക്കുന്നവര്‍ക്ക്
മുള്‍ക്കിരീടം രാജകിരീടമായും, കാല്‍വരി പറുദീസയായും
ചുടുചോര ഇതള്‍മഴയായും പരിണമിച്ചു.
പഞ്ചക്ഷതങ്ങള്‍ നിന്നെ വീണ്ടെടുത്തെങ്കില്‍
നിന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ അവന്‍റെ ജീവനെടുത്തു.

അവന്‍ നിനക്കുവേണ്ടി
കുരിശിലേറി മേഘങ്ങള്‍ പുല്‍കി.
വാക്കുകള്‍ നഷ്ടപ്പെട്ട പുസ്തകമായി
എണ്ണവറ്റിയ ചിരാതായി നീ ഇന്നും…
കാല്‍വരിയിലെത്താതെപോയ
കുരിശിന്‍റെ വഴിയായി നീ പിന്നെയും….

സത്യദീപം നവതി ആഘോഷ സാഹിത്യമത്സരത്തില്‍
12-18 പ്രായവിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org