Latest News
|^| Home -> Poems -> ഉണ്ണിക്ക് നല്കാം

ഉണ്ണിക്ക് നല്കാം

Sathyadeepam

കുട്ടിക്കവിത

എം.ആര്‍. ജോണ്‍, കൈപ്പട്ടൂര്‍

ക്രിസ്തുമസ് തലേരാവിലെ അമ്മ പറഞ്ഞു,
ഇന്നീ ശുഭരാത്രിയുണ്ണി പിറക്കും
ഉണ്ണിയെക്കാണുവാനുണ്ണിക്കു മോഹം
അമ്മയോടൊത്തവന്‍ പള്ളിയില്‍ പോയി.
മഞ്ഞു പുതച്ച ഡിസംബറിന്‍ രാത്രി
മന്നവന്‍ വന്നു പിറന്നൊരാ രാത്രി
കുഞ്ഞു മാലാഖമാര്‍ തംബുരു മീട്ടി-
സ്വര്‍ഗീയഗാനങ്ങള്‍ പാടുന്നു വാനില്‍
ഉണ്ണിയെക്കണ്ടു വന്ദിച്ചവന്‍ നിന്നു-
ഉണ്ണിയെ തൊട്ടു തലോടിയാമോദം
പുഞ്ചിരി തൂകുന്നൊരുണ്ണിക്കു നല്കി
പഞ്ചാരയുമ്മയാ ചേലെഴും ചുണ്ടില്‍
എന്തേ തണുത്തു വിറയ്ക്കുന്നതുണ്ണി
ഇല്ലേ പുതയ്ക്കുവാന്‍ പുത്തനാം ചേല-
ഇല്ലെങ്കില്‍ ഞാന്‍ നല്കാമെന്‍റെയുടുപ്പും
കമ്പിളിത്തൊപ്പിയും പട്ടുറുമാലും.

Leave a Comment

*
*