മരച്ചില്ലകള്‍

മരച്ചില്ലകള്‍

ജോസ് കൊച്ചുപുരയ്ക്കല്‍

മരച്ചില്ലകള്‍ക്ക് ആനന്ദം,
മരക്കുരിശാകാന്‍ കഴിഞ്ഞല്ലോ
സര്‍വ്വസൃഷ്ടിജാലങ്ങള്‍ക്കും ആനന്ദം,
അപരനായി ജനിക്കുന്നു, കൊഴിയുന്നു.
ഇന്നിന്‍റെ മനുഷ്യനോ?

തിന്നാനല്ലാതെ, കൊല്ലുന്നു
വിശപ്പില്ലെങ്കിലും, കഴിക്കുന്നു
ചിരിച്ച്, ചതിക്കുന്നു
വാടകക്കൊലകള്‍, നേരംപോക്കുകള്‍
മക്കളെ, സോദരെ വില്ക്കുന്നു
മാതാപിതാക്കളെ, പുറംതള്ളുന്നു
അന്യന്‍റെ ഭക്ഷണം, പൂഴ്ത്തിവയ്ക്കുന്നു
സത്യംമറച്ച്, അസത്യം പറയുന്നു
പണ്ടത്തിനായി, പാഷാണം നല്കുന്നു
ഭൂമിയും, വെള്ളവും വിറ്റുമടുത്തവര്‍
വായുവും വില്പനച്ചരക്കാക്കി
കൂട്ടത്തിലൊട്ടി നില്‍ക്കും, സോദരനെ വിട്ട്
കാണാത്ത ദൈവം തേടിയലയുന്നു….
വീടില്ലാ ദൈവത്തിന്, പാരാകെ, വീടുപണിയുന്നു
സ്നേഹവും പുണ്യങ്ങളും വില്പനയ്ക്ക്
വേലിയും, വിളവു തിന്നുന്ന കാലം!!

നീറിപ്പുകയുമെന്‍ ആത്മാവിന്‍ വ്യഥകളെ
നിന്‍ തിരുബലിയില്‍ കാഴ്ചവെയ്ക്കുന്നു ഞാന്‍
ഒരു ചെറുമരച്ചില്ലയെങ്കിലും ആകാന്‍ കഴിഞ്ഞെങ്കില്‍!!
വീണ്ടെടുക്കണെ നാഥാ, നിന്‍ ഉല്‍കൃഷ്ഠ സൃഷ്ടിയെ
സമസ്താപരാധങ്ങളും പൊറുത്തു കാത്തീടണേ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org