മാതേ! നിനക്കു വന്ദനം

മാതേ! നിനക്കു വന്ദനം

പ്രൊഫ. ഹില്‍ഡാ ജോസഫ്

കരുണതന്‍ കുളിര്‍നീര്‍ തളിച്ചും നനച്ചും
തേങ്ങും ഹൃത്തടങ്ങളെ ഉണര്‍ത്തിത്തഴുകിയും
വിശ്വമാകെ തെളിഞ്ഞു വിളങ്ങിയൊരമ്മേ!
സ്നേഹത്തിനാര്‍ദ്ര ഭാവമേ! നിനക്കു വന്ദനം.

കദനക്കടലിലാണ്ടു വിങ്ങും മാനവര്‍ക്കെന്നും
കനിവിന്നുറവയായ്, പ്രവഹിച്ചു നീയേ
കരുണതന്‍ഗംഗയായ്, പ്രശാന്തചിത്തയായ്
സ്നേഹമൂര്‍ത്തേ! മാതേ! നിനക്കു വന്ദനം.

ഇരുട്ടില്‍ തപ്പിത്തടയും ജനതതിക്കായ് സദാ
സ്നേഹത്തിന്‍ നിറദീപം കൊളുത്തിയ മഹാമാതേ!
ആശ്രയമില്ലാതലയുന്നോര്‍ക്കെന്നുമെങ്ങും
ആശ്വാസത്തിനുറവയായ്, മാതേ! നിനക്കു വന്ദനം.

ദാരിദ്ര്യച്ചേര്‍ക്കുണ്ടില്‍ നിന്നൊരായിരമായിരം
ദാഹിയാം പൈതങ്ങളെ കോരിയെടുത്തൊരമ്മേ!
സ്നേഹിയാം നിന്‍ കരങ്ങളിലണഞ്ഞു ചേര്‍ന്നവര്‍
ആനന്ദം കൊണ്ടുവല്ലൊ! മാതേ! നിനക്കു വന്ദനം.

വിശപ്പിന്‍ വിളികേട്ടു കാതോര്‍ത്തുനിന്ന കാരുണ്യമേ!
വാടിവീഴും ജീവിതപുഷ്പങ്ങളെ വാരിപുണര്‍ന്ന വാത്സല്യമേ!
നിത്യം പരസുഖം പകരാനെത്തി നീ ദുഃഖത്തിന്‍ പാനപാത്രമേ!
മഹിതേ! പാരാകെ ഏകുന്നു നിനക്കു വന്ദനം.

മക്കളെമ്പാടും കണ്ണീര്‍ക്കയത്തിലാഴ്ന്നീടവേ
വിശ്വമെമ്പാടും ചുറ്റിത്തിരിഞ്ഞു യാചിച്ചു നീയേ
പരന്‍റെ ദാഹം ശമിപ്പിക്കയെന്നതാം വ്രതം
മൃത്യുവോളം പാലിച്ചൊരമ്മേ! നിനക്കു വന്ദനം.

നിഷ്കാമസ്നേഹജ്വാലയില്‍ സ്വയം ഹോമിച്ചു നീ
പരാര്‍ത്ഥത്തില്‍ നിര്‍മ്മലപാതയില്‍ ചരിച്ചിതേ!
വിശുദ്ധിതന്‍ മൂര്‍ത്തരൂപമായ് വിളങ്ങി, ഇഹ-
വിശുദ്ധയായ് പരത്തിലും നിത്യമായ് മാതേ! മമവന്ദനം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org