മെഴുകുതിരിയുടെ വിലാപങ്ങള്‍

മെഴുകുതിരിയുടെ വിലാപങ്ങള്‍

ഔസേപ്പ് കൊച്ചുപുരയ്ക്കല്‍

ഉരുകുന്നു ഞാന്‍ നിനക്കായ്; ഇന്നല്ല, എന്‍ ജനനം മുതല്‍
കത്തിയുരുകിത്തീരുവാനാണെന്‍റെ ദൗത്യം!!

ജ്ഞാനിയില്ല, അജ്ഞാനിയില്ല; കറുപ്പില്ല, വെളുപ്പില്ല
എല്ലാവര്‍ക്കുമായി കത്തിയെരിയുകയാണെന്‍റെ ധര്‍മ്മം!
പാവമില്ല, ക്രൂരനില്ല; നരനില്ല, നാരിയില്ല
എല്ലാവര്‍ക്കുമായി കത്തിത്തീരുകയാണെന്‍റെ ധര്‍മ്മം
ബാലനില്ല, വൃദ്ധനില്ല; ദേശമില്ല, കാലമില്ല
എല്ലാവര്‍ക്കുമായി എപ്പോഴും കത്തിത്തീരുകയാണെന്‍റെ ധര്‍മ്മം
സന്തോഷത്തിലും, സന്താപത്തിലുമെരിയുന്നു ഞാന്‍!

കൊഴുത്തു തടിച്ചു ഞാന്‍ ചിലപ്പോള്‍,
മെലിഞ്ഞുണങ്ങി പിന്നെ ചിലപ്പോള്‍
പല നിറങ്ങളില്‍, പല രൂപങ്ങളില്‍ വില്‍പ്പനച്ചരക്കായി
പത്രാസോടെ സ്വര്‍ണ്ണക്കാലുകളില്‍ ഇരുത്തുന്നു എന്നെ ചിലര്‍;
തറയിലും, കൈകളിലുമായി പിന്നെ വേറെയും
എവിടെയും കത്തിത്തീരുകയാണെന്‍റെ ദൗത്യം !!

ഉരുട്ടി, മിനുക്കി, പല രൂപങ്ങളിലാക്കി
പിന്നീട് കവറുകളിലാക്കി വില്‍ക്കുന്നു അവര്‍ പിന്നെ.

രാത്രിയില്ല, പകലില്ല –
ജനനത്തിനും, മരണത്തിനും, കത്തിയെരിയുന്നു ഞാന്‍ !!
മരണമില്ലാത്തൊരു ജന്മമോ ഞാനീ, കൊച്ചു മെഴുകുതിരി !!

ഭയപ്പെടുത്തുന്നു ചിലരെന്നെ –
മണ്‍ചിരാതുകള്‍, പിന്നെ ചൈനീസ് വിളക്കുകള്‍ ഉണ്ടുപോലും!!
എന്നെപ്പോലെ വാര്‍ത്തെടുത്ത അപരനുമുണ്ടത്രെ, വില്‍പ്പനയ്ക്ക്.
കത്തിയെരിഞ്ഞയെന്‍ തിരുശേഷിപ്പിനിയാര്‍ക്കുവേണം ?
എന്‍റെ അസ്ഥിത്വമെവിടെ ?

മാറ്റല്ലെ നിങ്ങളെന്നെ പുതുപരിഷ്ക്കാരത്തിനായ്
കൂട്ടുനിന്നില്ലെ, നിങ്ങളുടെ നെടുവീര്‍പ്പുകളില്‍ ?
കൂട്ടുനിന്നില്ലെ, നിങ്ങളുടെ സന്തോഷങ്ങളില്‍ ഇത്രനാള്‍ ?
ഒതുങ്ങിടാം, കൃതാര്‍ത്ഥനായി, പാവമീ മെഴുകുതിരി !!

കത്താം, കത്തിത്തീരാം, കാലമുള്ളിടത്തോളംകാലം
യേശുനാഥനോടൊത്ത് അള്‍ത്താരയില്‍
കത്തിയെരിഞ്ഞവനോടൊത്ത്, കത്തിത്തീരുവാന്‍,
ഹാ, എന്തൊരാനന്ദം !! ഉരുകിയുരുകിയില്ലാതാകുവാന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org