നന്മമരം

നന്മമരം

തോമസ് പാട്ടത്തില്‍ സി.എം.ഐ.

നയനമനോഹര വയലുകള്‍, കുന്നുകള്‍,
നറുതേന്‍ തുളുമ്പുന്ന പൂവനികള്‍,
നുരയുന്നയരുവികള്‍ മേയുന്നയാടുകള്‍,
നിര ചേര്‍ന്ന നസ്രത്ത് കൊച്ചു ഗ്രാമം
നാടതിന്‍ ശാലീഭംഗികള്‍ക്കൊക്കെയും-
നടുവിലായ് നിന്നൊരു നന്മമരം!
നന്നായി വളര്‍ന്നു, പടര്‍ന്നു, തളിര്‍ത്തൊരു-
നീതിമാനായ യൗസേപ്പുമരം!
നിനവിനും കര്‍മ്മമൊഴികള്‍ക്കുമെപ്പോഴും
നിറയേ മരപ്പൊടിമണമുള്ളൊരാ-
നിത്യാധ്വാനിയെ തരുവിനോടല്ലാതെ
നിശ്ചയമെന്തിനോടുപമിച്ചിടാന്‍?
നാകതോപ്പില്‍ നിന്നു പിഴുതെടുത്തൂഴിയില്‍
നട്ടുവച്ചു, ദൈവമാ മരത്തെ.
നല്‍ഫലമെന്നുമേകാന്‍ സ്നേഹതാപവും,
നനജലവും നല്കിയനുനിമിഷം.
നിരതം നിറഞ്ഞിടും കര്‍ത്തൃപാലനയുടെ-
നീരുറവിങ്കലേക്കാഴ്ന്നിറങ്ങും,
നീള്‍ത്തായ്വേരും, പച്ചിലക്കൊമ്പുകളുമാ-
നരവൃക്ഷമൊന്നിന്‍റെ കൈമുതലായ്!
നന്മയോലും മറിയം തന്നിണയായ-
നാള്‍ മുതല്‍ക്കേയവന്‍ നന്മവാനായ്!
നരകുലരക്ഷകനീശോയ്ക്കുമമ്മയ്ക്കും
നിതരാമവന്‍ തുണയായി നിന്നു.
നിവ്യനാമേലിയായ്ക്കുന്നു മരുവിലായ്
നിയതം തണലായ മുള്‍മരം പോല്‍,
നിരാശ്രയരായി ചാരത്തണഞ്ഞോര്‍ക്കായ്
നാനാസഹായങ്ങളേകിയവന്‍.
നിരവധി നന്മകള്‍ക്കുടമയെന്നാകിലും
നിഗളത്തിനടിമയായ് തീര്‍ന്നിടാതെ,
നിരുപമദൈവപരിപാലനയതില്‍-
നിരുപാധികമവന്‍ വിശ്വസിച്ചു.
നട്ടുച്ചനേരത്ത നൊമ്പരക്കാറ്റിലും,
നിശയിലെ നൈരാശ്യശൈത്യത്തിലും,
നിപതിച്ചിടാതെനിന്നാ ചില്ലകളിലായ്
നിസ്തുലപ്രത്യാശ തന്‍ നാമ്പുകള്‍!
നിന്നിടത്തുള്ള മണ്‍പാളികള്‍ക്കുള്ളിലെ-
നീരൊഴുക്കാം ദൈവപാലനത്താല്‍
നിത്യഹരിതനായാ പുണ്യമാമരം
നിലനിന്നു കാലങ്ങോളോമങ്ങ്!
നിശ്ശബ്ദനായ് മരം പോലേവം മേവിയ
നിസ്വരെത്രയുണ്ട് പാരിടത്തില്‍?
നിഷ്കാമവേലകള്‍ ചെയ്തു നിശ്ശാന്തമാം-
നിഴലായ് മറഞ്ഞവര്‍ വേറെയുണ്ടോ?
നസ്രത്തിലെ കുഞ്ഞുവീടിനെ കുടപോലെ-
നനയാതെ, കരിയാതെ, കാത്തവനാം,
നന്മകള്‍ കായ്ച്ചൊരാ തരുവിന്‍റെ വിത്തുകള്‍
നമ്മിലും മുളപൊട്ടി വന്നിടട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org