നന്മപ്രകാശം

നന്മപ്രകാശം

വര്‍ഗ്ഗീസ് പള്ളിപ്പാടന്‍

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
ഭൂമിയില്‍ നല്ലോര്‍ക്കു ശാന്തിയെങ്ങും
സ്വര്‍ഗ്ഗീയ ദൂതന്മാരെല്ലാരുമൊന്നിച്ച്
പാടിസ്തുതിച്ചവരാമോദത്താല്‍

പാപം നിറഞ്ഞിടും മാനവലോകത്തില്‍
താപം തണുപ്പിച്ചും രക്ഷയേകാന്‍
ഭൂജാതനായിതാ ലോകത്തിന്‍ രക്ഷകന്‍
ഗോശാലതന്നിലെ പുല്‍ത്തൊട്ടിയില്‍

രാജകൊട്ടാരവും ആഡംബരങ്ങളുമെല്ലാം
ഒന്നുമില്ലാത്തൊരു സാധുവായി
ആഘോഷങ്ങളും ആര്‍ഭാടങ്ങളും കൂടാതെ
ദൈവപുത്രന്‍ ജനിച്ചുമന്നില്‍

വിണ്ണിലുദിച്ചൊരു പുത്തനാം പൊന്‍താരം
ആട്ടിയന്മാര്‍ക്കു വഴി തെളിച്ചു
അവരെല്ലാമെത്തി ആഗോശാലയിങ്കലായ്
ഉണ്ണിയെ കണ്ടവരാനന്ദത്താല്‍

പാരിതില്‍ നന്മപ്രകാശം പരത്തിക്കൊ-
ണ്ടോമലാള്‍ പുഞ്ചിരിതൂകിടുന്നു
ആട്ടിടയന്മാരും ഗോക്കളുമൊന്നിച്ച്
പുല്‍ത്തൊട്ടിചുറ്റും വണങ്ങിനിന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org