നോവിന്റെ മണിക്കൂർ

നോവിന്റെ മണിക്കൂർ

സ്മൃതി അന്ന റെജി, എടത്തൊട്ടി

ഒമ്പത്………… ധരയേ നീ
പുളകംകൊണ്ടു, ഭയം ലോകം ഗ്രസിച്ചു
നിര്‍വികാരചേഷ്ടകള്‍ കൊണ്ടാമേനിയെ
കൊത്തിവികൃതമാക്കിയോ? ചിന്തേരില്‍
ചിതറും ചീളുകള്‍ പോല്‍ ചാട്ട
മാംസം പിളര്‍ത്തി. നെറ്റി ചുളിച്ചു-
കൊണ്ടായിരം കഴുകന്മാര്‍ ചുറ്റിലും
താങ്ങില്ലെന്നാലും, രണ്ടു നേത്രങ്ങളാ
ജീവഭേദനമാം കാഴ്ച കണ്ടിരുന്നാ-
ഹൃദയം തുളച്ചൊരുവാള്‍ കടക്കുമെ-
ന്നന്ന് ശീമോന്‍ ചൊല്ലിയതത്രയും സത്യമായ്.
സര്‍പ്പത്തിന്‍ തലതകര്‍ക്കുമമ്മയന്നാ
വൈരികള്‍ തന്‍ തല തകര്‍ത്തതില്ല
മന്നില്‍ ദൈവഹിതത്തിനിടം നേടുവാന്‍.
കല്ലില്‍ത്തട്ടി, കാല്‍കുഴഞ്ഞ് തനയന്‍ പുളയു-
ന്നെങ്കിലും ബേത്ലഹേമിന്‍ കുളിരില്‍ പുണര്‍ന്നതാം
കൈകളിന്ന് വിറയാര്‍ന്ന് വിടചൊല്ലി.
ലോകകിരീടമണിഞ്ഞ ശിരസ്സിന്നാഴത്തില്‍
മുള്ളുകള്‍ കിഴിഞ്ഞിറങ്ങി, സിരകള്‍ പിടഞ്ഞു.
പീലി പുരികങ്ങളിറ്റിയ ചോരത്തുള്ളി-
കളില്‍ മൗനം മാത്രം ലയിച്ചു
കണ്‍മെല്ലെ തുറന്നു കുരിശിന്‍ പാര്‍ശ്വത്തിലൂടവന്‍
അമ്മയെ കാണ്‍കെ, അമ്മതന്‍ നയനങ്ങള്‍
കണ്ണുനീരോടെ രക്തം ചിന്തും പുത്രന്‍റെ കണ്ണുകളില്‍
കുറിച്ചത് 'ഒരായുസ്സിന്‍റെ നൊമ്പരം.'

സത്യദീപം നവതി ആഘോഷ സാഹിത്യമത്സരത്തില്‍ 12-18 പ്രായവിഭാഗത്തില്‍ രണ്ടാം സമ്മാനം നേടിയ കവിത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org