ഓണസ്മരണ

ഓണസ്മരണ

ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

ഓര്‍മ്മയിലിന്നും ഞാനോമനിക്കും,
ഓണത്തിനത്രേ നിറങ്ങളേറെ!
ചന്തംകെടാതിന്നും നില്പതതിന്‍-
ചന്ദനച്ചന്ദ്രികയാണു നൂനം!
ചിങ്ങമെത്തുമ്പോഴേയുത്സവമായ്,
എങ്ങുമാഹ്ലാദത്തിന്‍ കേളികൊട്ടായ്,
മണ്ണുംമനുഷ്യരുമൊന്നുപോലെ
മെയ്യും മനവും മറക്കുമപ്പോള്‍!
ഓതിപ്പഠിച്ചവയോര്‍ത്തുവേഗം,
ഓണപ്പരീക്ഷയെഴുതുമ്പോഴും,
വീട്ടിലിടാനുള്ള പൂക്കളത്തിന്‍
വര്‍ണ്ണങ്ങളായിരുന്നെന്‍ മനസ്സില്‍!
പുസ്തകം, പേന, പഠനമെല്ലാം,
പത്തുദിനങ്ങള്‍ തന്‍ പത്തായത്തില്‍
പൂട്ടിവച്ചിട്ടങ്ങിറങ്ങുകയായ്
കാട്ടിലും, നാട്ടിലും പൂവിറുക്കാന്‍.
ചെത്തി, കുടമുല്ല, ചമ്പകങ്ങള്‍,
ചെമ്പരത്തി, തുമ്പ, ചെങ്കദളി,
കൊങ്ങിണി, കോളാമ്പിപ്പൂവുകളും,
കുട്ടയിലേന്തിവരികയായി.
ചങ്ങാതിമാരൊപ്പം കോടിചുറ്റി,
ചക്കരമാഞ്ചോട്ടിലാടിടുമ്പോള്‍,
ഉന്മേഷമാനന്ദനിര്‍വൃതിയില്‍
ഉള്ളുമുയിരും നിറഞ്ഞിരുന്നു!
കൊട്ട്, കുരവ, കബഡികളി,
കണ്ണുകെട്ടിക്കളി, കോലുകളി,
ചെമ്പഴുക്കാകളി, വള്ളംകളി,
ഇമ്പമേറും നാടന്‍ പാട്ടുമായി!
വര്‍ണ്ണ, വിശ്വാസ, വയസ്സുമേതും,
വിസ്മരിച്ചേവരുമൊത്തുകൂടി,
ഊഞ്ഞാലിലേറിയുമത്തമിട്ടും,
ഉണ്ടുംകഴിഞ്ഞനാളെത്ര കാമ്യം!
അന്തിയോളം നീളുമാഘോഷങ്ങള്‍,
ആര്‍പ്പുവിളികളും, മേളങ്ങളും,
പാല്‍നിലാപ്പായസക്കിണ്ണവുമായ്
പൊന്നോണത്തിങ്കളുമെത്തുകയായ്!
സത്യ, സമത്വ, സൗന്ദര്യങ്ങളും,
സമ്പല്‍സമൃദ്ധിയുമൈശ്വര്യവും,
മന്നില്‍വിളഞ്ഞ യുഗസ്മൃതികള്‍,
മിന്നിത്തിളങ്ങിയാവെണ്ണൊളിയില്‍!
നെന്മണിപ്പാടങ്ങള്‍ പോലെയെങ്ങും,
നന്മകളാര്‍ത്തുവളര്‍ന്നോരോണ-
പുണ്യോത്സവമെന്‍കരളിലെങ്ങോ-
പച്ചത്തുരുത്തായി നിന്നിടുന്നൂ!
ഇന്നോണനാളിന്റെ കാന്തിമെല്ലെ
ഇല്ലാതെയാകുന്നെന്‍ കേരഭൂവില്‍!
ഓര്‍മ്മയിലിന്നും ഞാനോമനിക്കും,
ഓണത്തിനത്രേ നിറങ്ങളേറെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org