ഒരു കൊച്ചുമോഹം

ഒരു കൊച്ചുമോഹം

Published on

ഏ.കെ. പുതുശ്ശേരി

ഞാനൊരു വൃദ്ധന്‍ തൊണ്ണൂറുകാരന്‍
താനെ നടക്കാന്‍ കഴിയാത്തവന്‍
പേരക്കുഞ്ഞിന്‍ കയ്യും പിടിച്ച്
ആരാണേതാ ചോദിപ്പോന്‍

മോഹം മോഹം പലവിധ മോഹം
മോഹപക്ഷി കരയുന്നു
ദാഹം ദാഹം ഉള്ളിനുള്ളില്‍
വേഴാമ്പല്‍ നിര തേങ്ങുന്നു.

ആനപ്പുറമതിലേറി പരിചൊടു
ആളുകളിക്കാനൊരു മോഹം
മേഘക്കീറിനുള്ളിലിറങ്ങി
നാകം പൂകാനൊരു മോഹം

ആനക്കൊമ്പുപറിച്ചു വിലസ്സി
ചെണ്ടയടിക്കാനും മോഹം
കാളക്കൂറ്റന്‍ കൊമ്പുപിടിച്ച്
മലര്‍ത്തിയടിക്കാനും മോഹം

വീശും കാറ്റിന്‍ കൈകളിലേറി
ഊഞ്ഞാലാടാനും മോഹം
ആഴക്കടലിന്നടിയില്‍ ചെന്നു
മുത്തുകള്‍ വാരാനതിമോഹം.

പാടും പക്ഷികണക്കേ വാനില്‍
പാറിപ്പറക്കാനൊരു മോഹം
സൂപ്പര്‍മാനായ് സൂര്യനു നേരേ
ചീറിയടിക്കാനും മോഹം

സ്പൈഡര്‍മാനായ് മതിലുകള്‍ തോറും
പരതി നടക്കാനൊരു മോഹം
ഈമാനായി ദുഷ്ടഗണത്തില്‍
നെഞ്ചു തകര്‍ക്കാനതിമോഹം

നക്ഷത്രങ്ങള്‍ കോര്‍ത്തൊരു മാല
വക്ഷസണിയാന്‍ എന്‍ മോഹം
അമ്പിളി മാമന്‍റെ മുതുകതിലേറി
തുമ്പി കളിക്കാനും മോഹം

ഛോട്ടാഭീമായ് ചോടുകള്‍വച്ച്
നാടു രക്ഷിക്കാനെന്‍ മോഹം
പൂമ്പാറ്റപോല്‍ പൂവുകള്‍ തോറും
പൂമധുവുണ്ണാനൊരു മോഹം.

ഞാനൊരു വൃദ്ധന്‍ തൊണ്ണൂറുകാരന്‍
താനേ നടക്കാന്‍ കഴിയാത്തോന്‍
ആനവലിപ്പം മോഹവുമായി
കൂനിക്കൂനി നടക്കുന്നോന്‍.

logo
Sathyadeepam Online
www.sathyadeepam.org