പിന്നോട്ട് നടക്കുവാന്‍ മോഹം

പിന്നോട്ട് നടക്കുവാന്‍ മോഹം

ജോസ് കൊച്ചുപുരയ്ക്കല്‍

പള്ളിക്കൂടംവരെ പോകേണം, ഉപ്പുമാവ് കഴിക്കണം
അന്ന്, ഉപ്പുമാവിനായി പള്ളിക്കൂടത്തില്‍ പോകേണ്ടിയിരുന്ന കാലം
കൊല്ലങ്ങള്‍ നാല്പതു താണ്ടി, എങ്കിലുമാ ഓര്‍മ്മകള്‍
എന്‍റെ നാവിനെ തുരുതരാ നനയ്ക്കുന്നു.

പള്ളിക്കൂടം വിടണം വീട്ടിലേക്കോടണം
കളിയും കുസൃതിയും മാത്രമായി നടന്ന ബാല്യകാലം
വേര്‍തിരിവില്ലാത്ത കാപട്യമില്ലാത്ത കുട്ടിക്കാലം
ഓര്‍ത്തോര്‍ത്ത് പിന്നോട്ട് നടക്കുവാന്‍ മോഹം!

പടിഞ്ഞാറെ പുഴയോരത്ത് മണ്ണപ്പം ചുട്ട് കളിക്കേണം
മണ്ണിരകോര്‍ത്തു ചൂണ്ടിയിടേണം
കുഴിയാന തോണ്ടി കളിക്കേണം, എണ്ണത്തില്‍ ഒന്നാമനാകണം
അറപ്പും വെറുപ്പും തീണ്ടാത്ത, ചേറും ചെളിയും മണക്കുന്ന കാലം
ഡെറ്റോളില്‍ ശുദ്ധി നടത്തിയത് ഓര്‍മയിലശേഷമില്ല
'പഠിക്കടാ പഠിക്കടാന്ന്' ആരും ശാഠ്യം പിടിക്കാതിരുന്ന കാലം
ഓരോന്നുമോര്‍ക്കുമ്പോള്‍ ധൃതിയില്‍ പിന്നോട്ട് നടക്കുവാന്‍ മോഹം

ഒച്ചവച്ചാലോ, ഉറക്കെ വിളിച്ചാലോ അയല്‍വാസി ഓടിയെത്തിയിരുന്നു…
ഫ്ളാറ്റ് സംസ്സാകാരത്തിന്‍റെ ഒറ്റപ്പെടല്‍ ഇല്ലാതിരുന്ന കാലം
അരിയും കറിയും പങ്കുവച്ചും, അപരനെ അറിയാന്‍ അതിയായ് കൊതിച്ചും
അച്ഛനും അമ്മയും പിന്നെ മൂത്തവരും
ചിരിച്ചും ചിരിപ്പിച്ചും, കരഞ്ഞും കരയിച്ചും
ഉള്ളതില്‍ സംതൃപ്തി കണ്ടിരുന്ന കാലം
ഓര്‍മ്മകള്‍ മാത്രം ജീവനോടെ, ഇനി ഇതെല്ലാം കിട്ടാക്കനികള്‍

മരണമിന്നൊരുത്സവമായ്, ആഘോഷപൂര്‍വ്വം മൃതസംസ്കാരം
കണ്ണു നിറയാത്ത ചരമ ചടങ്ങുകള്‍ കണ്ടു മടുത്തു,
കാശ് കൊടുത്താല്‍ കരയാനും കരാറായി
പാപിയെ പുണ്യവാനാക്കുന്ന ചരമ പ്രസംഗങ്ങളേറി
പ്രേമികള്‍ സ്നേഹത്തെ ഹോബിയാക്കി, ഇഷ്ടം മാംസത്തോട് മാത്രമായി
കാരിരുമ്പിന്‍റെ മനസ്സുള്ളിവര്‍തന്‍ ചെയ്തികള്‍
കണ്ടുകണ്ടെന്‍റെ കണ്ണുകള്‍ മങ്ങുന്നു
ഓര്‍ത്തോര്‍ത്ത് പിന്നെയും പിന്നോട്ട് നടക്കുവാന്‍ മാത്രമാണ് മോഹം
എങ്കിലും ചില നല്ല മനുഷ്യര്‍
മിന്നാമിനുങ്ങികളായി പ്രകാശം പരത്തുന്നു
നിങ്ങള്‍ക്കൊരായിരം നന്ദി !!
ഓര്‍മ്മയുണരുമ്പോള്‍ മുന്നോട്ട് പോകുവാന്‍
നിങ്ങളാണെന്‍ പ്രാണവായു, വഴിവിളക്കുകള്‍ !!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org