അരി മോഷണം വിശുദ്ധപാപം

അരി മോഷണം വിശുദ്ധപാപം

ഇ.എം.ജി. ചന്ദനപ്പള്ളി

വിശപ്പിന്‍റെ കാലന്‍ കയറുമായെത്തുന്നു,
നരകത്തിലാളിന്‍റെ കുറവുണ്ടു പോലും!
അങ്ങകലെ യൂപ്പീയൊഡീസ, വടക്കൊക്കെ,
ആളെ പിടിക്കാന്‍ പറ്റാത്ത കലികാലമല്ലേ.
ദൈവത്തിന്‍ സ്വന്ത നാട്ടിലല്ലേ സുരക്ഷയേറെ.

തക്കം കാക്കുന്നു കാലന്‍ നുഴഞ്ഞു കേറാന്‍
സഹ്യസാനുവിന്‍ ചുരം നൂഴ്ന്നു കോട
ക്കാറ്റിലൂടെക്കടന്നു താവളത്തെത്താന്‍.
തടസ്സമായ് സെഹിയോന്‍മല കടക്കുമെങ്ങനെ?
വട്ടായിലച്ചന്‍റെ കുരിശും മിഖായേലിന്‍റെ വാളും.

ഇടമുണ്ടൊളിക്കാന്‍ മുക്കാലിയിലട്ടപ്പാടിയില്‍,
ദൈവം തിരിഞ്ഞു നോക്കാത്തിടം പാറയിടുക്കുകള്‍.
കാലന്‍ കടന്നൂരുകള്‍ ചുറ്റിത്തിരിഞ്ഞൊടുവില്‍ കണ്ടു
മധുവിനെ കാണിച്ചു മുക്കാലിയില്‍ അരിക്കട.
മോഷ്ടിക്കാം പാപമല്ലെടോ വിശപ്പടക്കാന്‍ ബലിയപ്പം
മോഷ്ടിച്ചവ ഭക്ഷിച്ചതേശു ശരിവെച്ചെടോ മധു.
കാലന്‍റെയരുള്‍ കേട്ടവന്‍ കട്ടെടുത്തരിയും പയറും.

ഊരിലല്ല പാറയിടുക്കില്‍ അവന്‍ സൂക്ഷിക്കവേ
വേട്ടനായ്ക്കളായെത്തി, കണ്ടു, തൊണ്ടികള്‍.
പേപ്പട്ടിയെപ്പോല്‍ തല്ലി മുക്കാലിയില്‍ കെട്ടിയടിച്ചു.
എല്ലൊടിഞ്ഞു ചോര ചീറ്റി നുര പതഞ്ഞു കുഴഞ്ഞുവീണവന്‍, യമ പുരിക്കയച്ചു കാലനുടനെ.
സെല്‍ഫിയെടുത്താഘോഷിക്കാനും മറന്നില്ല ഞങ്ങള്‍,
ദൈവത്തിന്‍റെ നാട്ടുകാര്‍, കല്പന കാക്കുവോന്‍
മോഷ്ടിക്കരുത്, കൊല്ലരുത്, അന്യന്‍റെ വസ്തുക്കളാഗ്രഹിക്കരുത്,
വിശന്നു മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നറിഞ്ഞില്ലേ,
സാരമില്ല, രക്തസാക്ഷിയാവും വിശുദ്ധനും.

ഊരുമൂപ്പനേക്കാള്‍ ശ്രേഷ്ഠനായ് വരും നീ, നിന്‍റെ
രക്തസാക്ഷിത്വ ദിനം എന്നും സ്മരിക്കും.
മധുവേ നീ രക്ഷപ്പെടും സ്വര്‍ഗത്തേക്കു കടത്തും നിന്നെ,
കാലനെ ഒന്നാം പ്രതിയാക്കി ശിക്ഷിക്കും, ഞങ്ങള്‍, നരകത്തിലേക്കയയ്ക്കും,
ഞങ്ങളെ പ്രലോഭിപ്പിച്ചതും അവനല്ലേ, വഞ്ചകന്‍,
പാതാളമടുത്തല്ലേ തളയ്ക്കുമവിടെ.

മോഷണം ചെകുത്താനുമാകിലും മധുവിന്‍ മോഷണം
വിശുദ്ധ പുണ്യമായ് ഗണിക്കും.
മുക്കാലി ലോക ഭൂപടത്തില്‍ സ്ഥാനമുറപ്പിച്ചതില്‍,
പേറ്റന്‍റ് നിനക്കു മാത്രമാകും മധു,

രക്ഷപെട്ടെടോ നിന്‍റെ കുടുംബവും, ഊരും ഗോത്രസമൂഹവും.
ഊരിലേക്കു മന്ത്രി വന്നില്ലേ, സങ്കടം തീര്‍ക്കാന്‍ പണം തന്നില്ലേ,
കൈകെട്ടി നിന്നുള്ള
പുത്തന്‍ സമരമുറ നിന്‍റെ സംഭാവനയല്ലേ.

ഒക്കെയ്ക്കും മധുവെ നന്ദി,
വായ്ക്കരിയിടാനായില്ലെങ്കിലും
ബലിച്ചോറുരുട്ടി നിന്‍റെ വിശപ്പാറ്റുവാന്‍,
ഞങ്ങളെക്കാലവും
മറക്കില്ല മധുവേ പ്രണാമം…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org