അക്ഷരമുറ്റത്ത് ഓർമ്മച്ചെപ്പുമായ്

അക്ഷരമുറ്റത്ത് ഓർമ്മച്ചെപ്പുമായ്

വര്‍ഗ്ഗീസ് പുതുശ്ശേരി, വേങ്ങൂര്‍

അന്നു ഞാന്‍ ആദ്യമായ് അച്ഛന്‍റെ കൈത്തലം-
തന്നില്‍ പിടിച്ചു കൊണ്ടക്ഷരമുറ്റത്ത്
പിച്ചവച്ച് നടന്നൊരു നാള്‍ മുതലുള്ളൊരു-
ഓര്‍മ്മതന്‍ സിന്ധൂര ചെപ്പു തുറക്കട്ടെ മെല്ലവേ!

ഈ തിരുമുറ്റത്ത് ആദ്യാക്ഷരത്തിനായ്-
പുത്തനുടുപ്പിട്ട് പുസ്തകബാഗുമായ് വന്നൊരാ പൊന്‍ദിനം
ഹെഡ്മാസ്റ്റര്‍ ചോദിച്ചു താതനായോടേവം
പൈതലിന്‍ പേരെന്ത്? എന്ത് പേര്‍ ചേര്‍ക്കണം?

താതന്‍ മൊഴിഞ്ഞു ഗുരുശ്രേഷ്ഠനോടായി-
ഓമല്‍ക്കുരുന്നിന്‍ പേര്‍ ڇആരോമല്‍ڈ എന്നഹോ!
അങ്ങനെ ആദ്യമായ് ശ്രീയെഴും നിന്‍ മുഖ-
ദര്‍ശന സൗഭാഗ്യം കൈവന്നതോര്‍ക്കുന്നു സാദരം.!

സ്കൂള്‍ മുറ്റത്ത് വിടര്‍ന്നൊരാ വാഴച്ചുണ്ടിലെ-
തേന്‍ കനി ഞൊട്ടി നുണഞ്ഞ് നുകര്‍ന്നു രസിച്ചതും
കുഞ്ഞിളം കുരുവിയെ കൊഞ്ഞനം കാട്ടി കൊതിപ്പിച്ചതും
അണ്ണാറക്കണ്ണന്‍റെ കലപില ഏറ്റങ്ങ് ചൊല്ലീട്ട്-
ഇത്തിരിപ്പൂവാലനണ്ണാറക്കണ്ണനായ് കലഹം നടിച്ചതും
ഇന്നെന്നപോലവേ ഓര്‍മ്മതന്‍ ചെപ്പില്‍ തെളിയുന്നു.

മാതാ:പിതാ:ഗുരു: ദൈവമാണെന്നതും
'അമ്മ'-രണ്ടക്ഷരം സ്നേഹവായ്പെന്നതും
കൂടുമ്പോളിമ്പമെഴും കുടുംബ-മാണെന്നതും
'ലോകോഃസമസ്തഃസുഖിനോഃഭവന്തു' താന്‍
ഇത്യാദി മന്ത്രങ്ങള്‍ കൗതുകമോടെ ഉരുവിട്ട് ചൊല്ലി ഞാന്‍

ഏറെപ്പഠിച്ചു ഞാന്‍ ആംഗലേയ ഭാഷയും
പിന്നെ മലയാള ഭാഷയും പോരാഞ്ഞ്;
ഷാജഹാന്‍-മുംതാസിന്‍ പ്രേമത്തിന്‍ താജ്മഹല്‍-
തീര്‍ത്തൊരാ സ്നേഹത്തിന്‍ മൂര്‍ത്തിമത്ഭാവവും!

എന്‍മനോമുറ്റത്തിന്‍ തുളസിത്തറയിലായ്
കത്തിച്ചുവച്ചൊരാ കൈത്തിരി എന്നെന്നും
അണയാതെ, പൊലിയാതെ, പ്രോജ്ജ്വലമാകുവാന്‍
വരദാനമേകണേ! വിജ്ഞാനഭൂഷിണി!

ഉള്‍ക്കണ്ണുകാട്ടിയ ഗുരുവിന്‍റെ തൃപ്പാദെ;
ഉള്‍ക്കുളിരോടെ പ്രണമിച്ചിടുന്നിതാ
ജീവിത പാതയില്‍ മുത്തായ് വിളങ്ങുവാന്‍
വിശ്വൈക ശില്പി കനിയുമാറാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org