പൊൻനിലാവ്

പൊൻനിലാവ്

ചെറിയാന്‍ കുനിയന്തോടത്ത്

സ്വര്‍ണനീരാളങ്ങള്‍ വീഴ്ത്തിയെങ്ങും
സ്വച്ഛനിലാവിന്‍റെ പാണിയുഗ്മം
എത്രയോ സുന്ദരദൃശ്യജാലം
എങ്ങും വിരിച്ചതാ പൊന്‍നിലാവ്!

ദൈവകുമാരന്‍ പിറന്ന രാത്രി,
ദൈവികസ്നേഹംതെളിഞ്ഞ രാത്രി,
ദിവ്യപ്രഭാവം നിറഞ്ഞ രാത്രി,
ദീപഗണങ്ങള്‍ നിരന്ന രാത്രി!

വെണ്മയോലും മഞ്ഞുതീര്‍ത്തചേല,
വെണ്‍മേഘമെല്ലാം തെളിഞ്ഞപോലെ!
വല്ലികളാനന്ദ നൃത്തമായി
പല്ലവജാലങ്ങള്‍ തുമ്പിതുള്ളി!

കാത്തുകഴിച്ചതുപോലെതന്നെ
പുത്തനാം താരമുദിച്ചുയര്‍ന്നു
പുല്ക്കൂട്ടില്‍ മറ്റൊരു താരസൂനം
പുണ്യപ്രസാദം പകര്‍ന്ന ദാനം!

"അത്യുന്നതങ്ങളില്‍ സ്തോത്രഗീതം
മര്‍ത്യനുഭൂമിയില്‍ നവ്യശാന്തി"
മാലാഖാമാരുടെ കീര്‍ത്തനങ്ങള്‍,
മേഘങ്ങള്‍പോലെയാ ദേവദൂതര്‍!

അന്ധകാരത്തില്‍ ചരിച്ച ലോകം
ബന്ധുരത്തേരില്‍ ചിരിച്ചു നീങ്ങി
താരകജാലങ്ങളൊക്കെ വാനില്‍
കോരിത്തരിച്ചു നിരന്നുനിന്നു!

കണ്ണീരാലുളളം തകര്‍ന്ന മര്‍ത്യര്‍
കാരുണ്യചുംബനമാര്‍ന്നപോലെ
ആശ്വാസം കൈക്കൊണ്ടു പുഞ്ചിരിച്ചു,
ആശാമയൂഖങ്ങള്‍ സഞ്ചരിച്ചു!

യൂദയാനാട്ടിലെ ബെസ്ലെഹേമേ,
മേദിനിതന്നില്‍ നിന്‍ ദീപ്തിപൂര്‍ണം!
ഉന്നതദൈവകുമാരനല്ലോ
വന്നു പിറന്നതു നിന്നിലിപ്പോള്‍!

കൂടുകള്‍ പക്ഷികള്‍ക്കെത്രയേറെ,
പാമ്പുകള്‍ക്കൊക്കെയും മാളമേറെ!
മന്നില്‍പ്പിറക്കുവാനില്ല ഗേഹം
മാനവപുത്രനുപോലുമെങ്ങും!

നിന്നിടാം പുല്ക്കൂടിന്‍ മുന്നിലിപ്പോള്‍
വന്നിടാം പൈതലെ വാഴ്ത്തുവാനായ്
കാരുണ്യസാരമറിഞ്ഞു നേരില്‍
കാഴ്ചകള്‍ സാദരമര്‍പ്പിച്ചിടാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org