പൂര്‍ണ്ണം

പൂര്‍ണ്ണം

തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.

ചെമ്പുതുട്ടുകളിവ മാത്രമാണുള്ളതെന്‍-
ചെറ്റക്കുടിലിന്‍ കുടുക്കയൊന്നില്‍.
മിച്ചംപിടിച്ചവയാണിവ; നാളെയെന്‍-
കൊച്ചുജീവിതമല്പം തള്ളിനീക്കാന്‍.
എങ്കിലും നിന്‍ പാദം പൂകുവാന്‍ ദൈവമേ,
എങ്ങനെ ശൂന്യയായെത്തിടും ഞാന്‍?
അക്കാരണത്താലെന്നങ്കിതന്‍ തുമ്പിലായ്,
ഇക്കാശുകള്‍ കൂട്ടിക്കെട്ടിയിട്ടേന്‍.
സമ്പന്നരേകിടും പൊന്‍പണം കാണ്‍കവേ,
അമ്പരന്നേഴ ഞാന്‍ നിന്നിടുന്നു!
ലജ്ജതോന്നുന്നു നിന്‍ തിരുസന്നിധാനത്തി-
ലന്യയെപ്പോലെയാരാധിച്ചിടാന്‍.
ഉറ്റവരേവരും നഷ്ടമായ് ജീവനില്‍-
ഒറ്റയായ്പ്പോയ വിധവയാമെന്‍-
കഷ്ടക്ലേശങ്ങള്‍ നീ കാണ്മതുണ്ടോ, വിഭോ,
കാണ്‍കിലും കാണാതെ പോവതുണ്ടോ?
രാജാധിരാജനാം നീയെന്‍റെയീ വെറും-
രണ്ടു കാണിക്കകള്‍ എണ്ണീടല്ലേ;
വല്ലാതെയാകുലയായിടും ഞാനെന്‍റെ-
യില്ലായ്മയങ്ങാടിപ്പാട്ടുമാകും.
പടിയിറങ്ങട്ടെ ഞാനനുദിനവ്യഥകളില്‍-
പിടിവിടാതെന്നെ നീ കാത്തോളണേ.
ധരപാലകന്‍ നീയൊരുവനാണെന്നേക-
ശരണം: മനോഗതം ചെയ്തങ്ങവള്‍.
കോടിപതികളുടേതിനേത്താള്‍, സുതേ,
കൂടുതല്‍ നീ തന്നെ കാഴ്ചയിട്ടു.
ഉപരിധനത്തിന്‍റെയൊരുവീതമല്ല, നിന്‍-
ഉപജീവനത്തിന്‍റെ വകയാണിത്.
കാരിരുമ്പാലുള്ള പെട്ടിയലല്ല,യെന്‍-
കരളിന്‍ തുടിക്കുന്ന ചെപ്പിലത്രേ,
വിരുകള്‍ക്കിടയിലൂടൂര്‍ന്നു നിന്‍ നേര്‍ച്ചകള്‍
വീണതെന്നു നീയറിഞ്ഞതില്ല.
കേട്ടു ഞാന്‍ സ്പഷ്ടമായ് നിന്‍ ചെമ്പുനാണയ-
ത്തുട്ടുകള്‍ തീര്‍ത്ത ചെറുകിലുക്കം.
നിന്‍ ഞെരുക്കത്തിന്‍ ഞരക്കമായാസ്വരം
നില്ക്കയാണെന്‍റെ കാതൊരമെങ്ങും.
കണ്ടുവോ നീയെന്നെയന്നറിയില്ല; യെന്‍-
കണ്ണുകള്‍ കണ്ടു നിന്നുള്‍ത്തടത്തെ.
സ്വര്‍ണ്ണമല്ലെങ്കിലും നിന്‍റെ കാണിക്കകള്‍
പൂര്‍ണ്ണമത്രേ; ദൈവമോതി, മുദാ.
വിധവയവളേക്കാള്‍ നിസ്വനാണീശ്വരാ,
വിശ്വാസവീഥിയില്‍ പാപിയീ ഞാന്‍
ഒട്ടുമേ ശിഷ്ടം വരാതെന്‍റെ സര്‍വ്വതും
വിട്ടുതരാനെന്നെ നീ തുണയ്ക്കൂ….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org