പ്രാണമന്ത്രം : കൊറോണക്കാലത്തെ വ്യക്തിവിചാരങ്ങള്‍

പ്രാണമന്ത്രം : കൊറോണക്കാലത്തെ വ്യക്തിവിചാരങ്ങള്‍

സി. ഈഡിത്ത് സ്റ്റെയിന്‍ CMC
മോരിമാതാ പ്രോവിന്‍സ്, അങ്കമാലി

ഒരു കണ്ണീര്‍ക്കണം പാദപത്മങ്ങളില്‍ നേദിച്ചുകൊണ്ടമ്മേ
ഞാന്‍ നില്‍ക്കുമീ സ്യമന്തപഞ്ജക തീരത്തായ്
മുളപൊട്ടിയാര്‍ക്കുമാ ഗര്‍ഭപാത്രത്തിലൊരു
വിഷസൂചി തറച്ചതാരെന്നറിയരുതേ നീ

ചരിത്രമെത്ര പാഠം പഠിപ്പിച്ചു
എല്ലാം ചവച്ചുതുപ്പി മറുതലിച്ചു നാം
പൊടിഞ്ഞുവീണ വേദഗ്രന്ഥത്താളുകള്‍
വിളക്കിച്ചേര്‍ക്കുകയാണാ പാവം നിസ്വന്‍
വടിയെടുത്തു, കല്ലെടുത്തു ഭ്രാന്തനാണെന്നാരോ
അപ്രിയ സത്യങ്ങള്‍ പറയുന്ന ഭ്രാന്തന്‍

ഈശ്വരന്‍ തന്നൊരാ ദൃഷ്ടിദൂരം പോരെന്ന്
ദൃഷ്ടി ദോഷം ഭവിച്ചുപോയ് ശാസ്ത്രസേവയിന്‍ പക്ഷം
ആ മഹാമാരിയില്‍ ശ്വാസനാളങ്ങളെരി
ഞ്ഞര്‍ദ്ധപ്രാണനായ് അരണ്ട മുറിക്കുള്ളില്‍
പാതിയില്‍ നിര്‍ത്തിയ ജന്മകര്‍മ്മങ്ങളെ
പാടെ മറന്നുഛ്വസിക്കാന്‍ മാത്രം കിട്ടാതെ

അമ്മതന്‍ നെഞ്ചിന്റെ സ്‌നേഹച്ചൂടേല്‍ക്കുവാന്‍
ആറ്റുനോറ്റുണ്ടായൊരുണ്ണി കരയവേ
മരണമൊരസുരവിത്തായ് സിരകളിലിഴയുമ്പോള്‍
കത്താകരിന്തിരിയായണഞ്ഞുപോയവര്‍
മരണവിനാഴികയിലൊപ്പമുണ്ടെന്ന് വീമ്പിളക്കിയവരില്ലേ

പ്രൗഡിയുടെ റീത്തില്ല, ചാനല്‍ പരുന്തില്ല,
മോക്ഷയാത്രയില്‍ അവസാനചുംബനം പോലും
പതിതനായ പെരുവഴിയനായങ്ങനെയൊരുയാത്ര
അഴുകിത്തുടങ്ങി ജഡങ്ങള്‍ ഇടമില്ല ഭൂമിക്ക്
ചെടികള്‍ക്ക് ജീവരസമായ് ഉയരുന്ന കൂനകള്‍

ഈശ്വരനില്ലാതെ സ്വയമേ പടച്ചതാ
ചീട്ടുകൊട്ടാരങ്ങളാടിയുലയവേ
ഈശ്വരന്‍ വേണമെന്നാശിച്ചു മാനവന്‍
ഇരുളിന്റെ നിദ്രയില്‍ ദീപം തെളിച്ചവര്‍
കൂടപ്പിറപ്പിന്റെ ശ്വാസം നിലയ്ക്കാതെ
ശ്വാസമായ് മാറുന്നയാതുരസേവകര്‍

മരണമുഖത്തുനിന്നപരന്റെ ജീവനായ്
വിലകൊടുക്കുന്നവര്‍ ആരോഗ്യപാലകര്‍
ഇരവിലും പകലിലും ഭൂമിക്കു കാവലായ്
കല്ലില്‍ പണിത മനസ്സുമായ് നിയമപാലകര്‍
പകയില്ല ദുരയില്ല മതമില്ല മര്‍ത്യനി
കക്ഷിരാഷ്ട്രീയ പോര്‍വിളികളില്ല

അസുരമുളയാര്‍ക്കും മുമ്പൊരുമിച്ചുനില്‍ക്കണം
ഒരുമിച്ചു നിന്ന് മഹാമാരി നീക്കണം
മനസ്സിന്റെ ഇഴയകലങ്ങളടുപ്പിച്ച്
ഒരുമിക്കണം നാം അതിജീവനത്തിനായ്

ചരിത്രഗ്രന്ഥത്താളുകള്‍ മറിക്കുമ്പോള്‍
ഇനി പിറക്കാനിരിക്കും പുതുതലമുറ കാണണം
നമ്മള്‍ പിതാമഹര്‍ കൈകോര്‍ത്തു നേടിയ
ഒരുമയുടെ, ഉണ്മയുടെ, ഉയിരിന്റെ വിജയഗാഥ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org