രക്തപുഷ്പം – വാഴ്ത്തപ്പെട്ട സി. റാണി മരിയ

രക്തപുഷ്പം – വാഴ്ത്തപ്പെട്ട സി. റാണി മരിയ

കവിത

വര്‍ഗ്ഗീസ് പുതുശ്ശേരി, വേങ്ങൂര്‍

"വിളവേറെ; വേലക്കാര്‍ വിരള"-മെന്നോതിയ തിരുനാഥന്‍റെ-
വിളി കേട്ട് വിദൂരമാം ദേശത്ത് യേശുവിന്‍ സാക്ഷ്യമായ്
ആത്മാക്കളെ നേടി കാല്‍വരി തന്നിലെ ആത്മദാഹമകറ്റിടാന്‍
"ലോകമേ തറവാട്"-മന്ത്രമുരുവിട്ട് വിടചൊല്ലി പ്രിയനാടിനോടന്നു നീ!

ഫ്രാന്‍സിസ്ക്കന്‍ ക്ലാരസഭക്കേറെ പ്രിയദര്‍ശിനിയായ് തീര്‍ന്ന്-
ഫ്രാന്‍സീസ് അസീസി തന്‍ താപസ പാതേ ചരിച്ചു നീ!
അഷ്ടിക്ക് വകയില്ല ; കഷ്ടമേ! പട്ടിണിപ്പാവങ്ങള്‍ തന്‍ തോഴിയായ്!
ആലംബഹീനരെ, ആര്‍ത്തരെ, പതിതരെ വാരിപ്പുണര്‍ന്നവര്‍ക്കമ്മയായി!

"എന്നെ പ്രതി സ്വജീവന്‍ ബലിയായ് നഷ്ടപ്പെടുത്തുവോര്‍ നിശ്ചയം;
അതിനെ രക്ഷിക്കു"-മെന്ന സത്യമാം വചനത്തെ മുറുകെപ്പിടിച്ചവള്‍!
അന്നൊരു നാളില്‍ ക്രിസ്തുവിനായ് ജീവന്‍ ത്യജിച്ച് രക്തപുഷ്പമായ് തീര്‍ന്നു നീ
മരണത്തെ ക്രിസ്തുവില്‍ നേട്ടമായ് കരുതീട്ട് തൂമന്ദഹാസം പൊഴിച്ചവള്‍!

ഘാതകന്‍ തന്‍റെ കഠാരമുനയില്‍ പിടഞ്ഞൊരാ പുണ്യത്തിന്‍ കേദാരം
വെള്ളരി പ്രാവുപോല്‍ സ്വര്‍ല്ലോകം തന്നില്‍ ഉയര്‍ന്നു പറന്നു പോയ്!
"ഇവര്‍ ചെയ്വതെന്തെന്നറിയായ്കയാല്‍ ക്ഷമിക്കണേ"; ആത്മഗതം ചൊല്ലി-
സ്വയമേവ: മാനസേ മാപ്പേകി ശത്രുവേ മിത്രമായ് മാറ്റിയോള്‍!

ആമോദാല്‍ സ്വാഗതം ചെയ്തിടാം നവംബര്‍ നാലതിന്‍ ധന്യമുഹൂര്‍ത്തത്തെ
രക്തസാക്ഷിയാം റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കും പുണ്യനിമിഷത്തെ
ക്രൈസ്തവ സഭ തന്‍റെ വാനവിതാനത്തില്‍ വിശുദ്ധിതന്‍ മിന്നും പൊന്‍ താരമായ്-
നിത്യം വിളങ്ങട്ടെ! അനുഗ്രഹവര്‍ഷം ചൊരിയണേ ദാസരാം മക്കളില്‍!

പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ നിരന്തരം ധന്യയാം സ്വര്‍ഗ്ഗീയ പുഷ്പമേ!
ശത്രുവേ സ്നേഹിക്കാന്‍ ; അവരോട് ക്ഷമിച്ചങ്ങ് പ്രാര്‍ത്ഥിക്കാന്‍
ഭൂമിയില്‍ സോദര സ്നേഹത്തിന്‍ നവ്യമാം സ്വര്‍ഗ്ഗം പണിതിടാന്‍
കൃപയരുളീടണേ! വരദാനമേകണേ പാവനചരിതയേ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org