സനാതനം

സനാതനം

ജോസഫ് പൂതക്കുഴി, കോഴിക്കോട്

ഭൂതവര്‍ത്തമാനഭാവികാലങ്ങളെ
തെറ്റേതും കൂടാതെ ഗണനം ചെയ്തീടുന്നു
ഭൂമി സൂര്യചന്ദ്രന്മാരനന്തകോടി നക്ഷത്ര
ജാലങ്ങളത്രയും തെറ്റാവഴിയില്‍ നയിപ്പു
കരയും കടലുമുത്തുംഗഗിരിശൃംഗങ്ങളും
മണലാരണ്യവും പച്ചവില്ലീസുവിരിച്ച്
വയലേലകളും കായല്‍പ്പരപ്പും കാട്ടാറുകളും
അഗ്‌നിസ്‌ഫോടനങ്ങള്‍, ഉഗ്രശിലാപര്‍വ്വതങ്ങള്‍
വനത്തിലും വാനത്തിലും വാണീടും ജീവജാലങ്ങള്‍
അവയ്ക്കുമകുടമായ് വിരാജിച്ചീടും
നരനുമവനിണയും തുണയുമായവരുമെല്ലാം
വിശ്വശില്‍പിതന്‍ സുന്ദരകരവേലയല്ലോ
വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുമാപരാശക്തി
തന്‍മഹത്വമനന്തമജ്ഞാതമവര്‍ണ്ണനീയം
അധര്‍മ്മമനീതി പെരുകുമ്പോളീധരണി
തന്നില്‍ ധര്‍മ്മസംസ്ഥാപനം നടത്തീടുവാന്‍
മാനവമാനസത്തിന്‍ നിഗൂഢതകളെല്ലാം
കണ്ടറിഞ്ഞുകൊണ്ടവന്‍ കാണാമറയത്തിരിപ്പു
ഈരേഴു പതിനാലു ലോകങ്ങള്‍ മുഴുവന്‍
കാത്തുപരിപാലിപ്പവന്‍ സര്‍വ്വശക്തന്‍
ആദിയുമന്ത്യവുമില്ലാത്തവന്‍ സര്‍വ്വവ്യാപി
സൃഷ്ടിസ്ഥിതി സംഹാരം നടത്തും മഹേശ്വരന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org