സത്യമേ നയിച്ചാലും

സത്യമേ നയിച്ചാലും

കെ.ടി. സേവ്യര്‍ പാണാവള്ളി

മുന്‍കോപിയായി ഞാന്‍ മുമ്പെങ്ങുമില്ലാത്ത
ചീത്ത ശീലങ്ങളെ ചാര്‍ച്ചക്കാരുമാക്കി
ദയയെന്ന വാക്കിന്‍റെയര്‍ത്ഥം മറന്നു.
സ്നേിക്കാനാവാത്ത ഭാവത്തിലുമെത്തി
സത്ചിന്ത കൂട്ടമായി നഷ്ടമായെന്നള്ളില്‍
ദുര്‍ചിന്തയൊക്കെയും വന്നു വസിച്ചു.
സത്യവും നീതിയും പോയി തുലയട്ടെ
എത്തട്ടെ നാണയത്തുട്ടുകളിഷ്ടം പോല്‍

ആരെന്തു ചെയ്താലും കുറ്റമല്ലാതതില്‍
ആര്‍ദ്രത കാട്ടുവാനാവതില്ലായി
പൊട്ടിത്തെറിക്കാനും വട്ടം കറക്കാനു-
മൊട്ടുംമടിക്കാത്ത ചിത്തവും സ്വന്തമായ്
നേര്‍വഴി തേടി ഞാന്‍ ചെന്ന നേരത്തെന്‍റെ
നേതാവു നില്ക്കുന്നു നികൃഷ്ട വീഥിയില്‍
ഞെട്ടിത്തെറിച്ചു ഞാന്‍ നിന്നപ്പോള്‍ നേതാവു
ഒട്ടും മടിക്കാതെ ചൊല്ലിയീവാക്കുകള്‍

നേരും നെറിയും മരിച്ചതറിഞ്ഞില്ലേ
കേട്ടില്ലെ നീയതിന്‍ ചരമഗീതം
കൂടുന്നേല്‍കൂടിക്കോ നിന്നെയും കൂട്ടീടാം
മിണ്ടാതെ നിന്നോണം പങ്കു നല്കാം
എന്തെന്നറിയാതെ നോക്കി വിഹായസ്സില്‍
എന്‍പാണികള്‍ കൂപ്പി ഞാന്‍ നിന്ന നേരം
മെല്ലെയൊഴുകിയൊഴുകി വരുന്നതാ
കേള്‍ക്കയായുദിവ്യമാം ശാന്ത സ്വരം

ധീരനായ് നില്ക്കൂ നിര്‍ഭയം നീങ്ങിടൂ
സത്യവും നീതിയും മാറോടു ചേര്‍ത്തിടൂ
തെറ്റു ചെയ്യുന്നവര്‍ ചെയ്യട്ടെയിഷ്ടംപോ-
ലറ്റുപോയവരുമായുള്ള ബന്ധം
ഞെട്ടറ്റു വീണഫലങ്ങളവരെല്ലാം
തട്ടിയും മുട്ടിയും താഡനമേറ്റുമീ
ഭൂവിലലിഞ്ഞലിഞ്ഞാതായാവുമേ
സത്യമായുള്ളതു നിത്യവും വാഴുമേ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org