സ്നേഹം നോമ്പിൻസാരം

സ്നേഹം നോമ്പിൻസാരം

സി. ജോസഫിന്‍ എഫ്സിസി
തലശ്ശേരി

'ആബാ – പിതാവേയെന്നോരോ ദിശയിലും
ആയിരമാവര്‍ത്തിച്ചലതല്ലി നില്ക്കുന്ന
കണ്ണീരണി ശബ്ദ-വീചിതന്നിഴകളില്‍
ആരോ ശയിക്കുന്നു! 'അതിദീനം' കണ്ടു ഞാന്‍

ആരാരുമാശ്വാസമേകാത്ത രൂപമാ-
ണതു മാത്രമെന്നില്‍ വ്യഥ തീര്‍ത്തു നില്ക്കവേ
കേട്ടു ഞാന്‍ മന്ത്രധ്വനിയെന്‍ ഹൃദയത്തില്‍
കേഴുന്നതെന്തിന്? ചൊല്‍ക നീ ഓമലേ.

ആ ശബ്ദമെന്നെ പുതപ്പിച്ചു രോമാഞ്ചം
'റബ്ബോനി'യെന്നു ഞാന്‍ താനേ വിളിച്ചുപോയ്
പാപം വെടിഞ്ഞന്നു നാഥന്‍റെ പിന്നാലെ
ആനന്ദമോടെ നടന്നതുമോര്‍ത്തു ഞാന്‍.

സത്ഗുരുവായ താന്‍ ഉത്തമ ശിഷ്യരെ
ചൊല്ലിപ്പഠിപ്പിച്ച പ്രാര്‍ത്ഥനയല്ലയോ
പേര്‍ത്തു ചൊല്ലിക്കൊണ്ടു നീ വിളിക്കുന്നിന്നും
സ്വര്‍ഗസ്ഥനായ പിതാവിന്‍റെ സൂനുവേ?

ക്രൂശിന്‍റെ മാറില്‍നിന്നല്‍പ്പദൂരം മാത്രം ബാക്കി
നില്ക്കുമ്പോഴും കേഴുന്നുവോ നാഥാ
അതുമാത്രമെന്നെ തപിപ്പിക്കുന്നാ സ്നേഹ-
പാരമ്യമോര്‍ത്തു ഞാന്‍ വിമ്മിക്കരയുന്നു.

ഇവ്വിധം സ്നേഹിപ്പാനാര്‍ക്കു സാദ്ധ്യം നാഥാ
നീ മാത്രമെന്നെ പഠിപ്പിച്ച സത്ഗുണം
മറ്റാരുമാരുമല്ലേകന്‍ നീ എന്‍ ഗുരു
മാറാതെ നില്ക്കണേ എന്‍ മുമ്പില്‍ നിത്യവും.

സ്നേഹമേകുന്നതിന്‍ നിര്‍വൃതി നിന്നുടെ
ചോരയിലും തിങ്ങി നില്ക്കുന്നുവെന്നതും,
അത്താഴമേശയില്‍ – പാവനപാത്രത്തിലും';
'ക്രൂശിന്‍റെ മാറിലും' ചിന്തിത്തെളിയിച്ചു!!

ഈ ഭൂവില്‍ നീ വന്ന് അരുളിയ സ്വര്‍ഗീയ-
വാര്‍ത്തയല്ലോ ഇവര്‍ക്കാശ്വാസ നിര്‍ഝരി
തന്നേകജാതനെ ഭൂമിക്കു നല്കുവാന്‍
പോരുന്ന സ്നേഹമാ സ്വര്‍ഗപിതാവിനും

താതനെ ഞങ്ങള്‍ക്കു കാണിച്ചു നല്കുക
അതു മാത്രം മതിയെന്നു ചൊല്ലി പീലിപ്പോസും;
ഈ ധരയും സ്വര്‍ഗതാതനെ കാണുവാന്‍
ആശിച്ചു നില്ക്കുന്നു എന്നുമോര്‍ക്കേണമേ.

എന്നെ തിരയുവാന്‍ വീണ്ടും നീയെത്തുമ്പോള്‍
സ്നേഹിച്ചു ജീവിതം പങ്കിട്ടു നല്‍കാം ഞാന്‍
സ്നേഹിതനായി സ്വന്തം ജീവനേകി ഞങ്ങള്‍-
സര്‍വരും നിന്നെയന്നെതിരേല്‍ക്കാം യേശുവേ!

'നോമ്പിന്‍റെ സാരം നിന്‍ ക്രൂശില്‍ ധ്യാനിക്കുമ്പോള്‍
മായട്ടെ ഞങ്ങള്‍ തന്‍ പാപമാലിന്യങ്ങള്‍
അമ്പതു രാപ്പകല്‍ പോരാ നാഥാ നിന-
ക്കാജീവനാന്തവും സ്നേഹബലി നല്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org