സ്വര്‍ഗം ഭൂമിയെ തൊട്ടു

സ്വര്‍ഗം ഭൂമിയെ തൊട്ടു

ജെയ്സന്‍ മുതിരക്കാല, വരാപ്പുഴ

സ്വര്‍ഗം ഭൂമിയെ തൊട്ടു, ഒരു
തൊട്ടില്‍ ഭൂമിയില്‍ കെട്ടി
ബേത്ലഹേം സുന്ദരി, നീ എത്ര ഭാഗ്യവതി
നിന്‍ മടിത്തട്ടില്‍, ആ പുല്‍തൊട്ടിലില്‍
ദൈവത്തിന്‍ പുത്രന്‍റെ പിറവി
കന്യകാമറിയത്തിന്‍ പുത്രന്‍റെ പിറവി
വാഗ്ദാന പുത്രന്‍റെ പിറവി
തിരുപ്പിറവി, തിരുപ്പിറവി
വാഗ്ദാനപുത്രന്‍റെ പിറവി
താരാട്ട് പാടിയോ നിങ്ങള്‍?
താരകരാജകുമാരിമാരേ
മാലാഖമാരൊപ്പമന്ന് ആ രാവില്‍
ഹാല്ലേലൂയ്യാഗീതം പാടിയോ?
താലോലമാട്ടിയോ തെന്നല്‍?
നൃത്തച്ചുവടുകള്‍ വച്ചോ?
മാലാഖമാരന്ന് ആ രാവില്‍
ഈണവും താളവുമിട്ടോ? നിങ്ങള്‍ക്കായ്
ഈണവും താളവുമിട്ടോ?
സ്വര്‍ഗം ഭൂമിക്കിട്ടുതന്ന ചവിട്ടുപടി
സ്വര്‍ഗവാതില്‍ തുറക്കുന്ന സുവര്‍ണതാക്കോല്‍
പാപപറുദീസയുടെ രക്ഷാവാഗ്ദാനം
പാപജന്മപരിഹാര ദൈവസമ്മാനം
ഉന്നതങ്ങളില്‍ ദൈവമഹത്ത്വം പാടിഘോഷിക്കാം
നേരാം നല്ല മനസ്സുകള്‍ക്ക് ശാന്തിസമാധാനം
ആത്മാവിലാനന്ദ മണിവീണ മീട്ടി
പൈതലാം ഈശോയ്ക്ക് സ്വാഗതമേകാം
ഹൃദയങ്ങള്‍ പുല്‍ക്കൂടായ് മാറുന്ന നേരം
ഉണ്ണിപ്പിറവി അനുദിനം നമ്മില്‍
മറിയത്തിന്‍ പൊന്നുണ്ണി
മാനവമക്കള്‍ക്ക് കണ്ണിലുണ്ണി
ആ പുഞ്ചിരി പൂമുഖദര്‍ശനം തേടി
ലോകവും കാലവും മത്സരിച്ചു
പൊന്നുണ്ണിത്തമ്പുരാനേ
വാരിയെടുത്തോട്ടെ ഞാന്‍
ഒന്നെന്‍റെ ഉള്ളില്‍ വായോ
ഉണ്ണീശോയ്ക്കുമ്മ തരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org